മാനന്തവാടി: ചാലിക്യത്ത് കാട്ടാന നശിപ്പിച്ച ഫെൻസിംഗ് പ്രതിരോധം വനംവകുപ്പ് പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഒറ്റയാനെത്തി ഫെൻസിംഗ് തകർത്ത് കൃഷിയിടങ്ങളിൽ പ്രവേശിച്ചത്. ഇന്ന് ഫെൻസിംഗ് പ്രതിരോധത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കുകയാണ്. ഉദ്ഘാടനത്തിനു മുമ്പേ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ക്രാഷ് ഗാർഡ്റോപ്പ് ഫെൻസിംഗ് പ്രതിരോധം പ്രവർത്തനക്ഷമമാക്കിയിരുന്നു. ഇത് നാട്ടുകാർക്ക് ഏറെ പ്രയോജനവും ചെയ്തിരുന്നു. കൃഷിയിടങ്ങളിലേക്ക് കാട്ടാനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെത്തുന്നത് കുറഞ്ഞതിനാൽ വർഷങ്ങളായി തരിശിട്ട ഭൂമികളിൽപ്പോലും കർഷകർ കൃഷിയിറക്കിയിരുന്നു. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികളെടുത്ത് പ്രതിരോധം കാര്യക്ഷമമാക്കിയത്. ചെറിയ തകരാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത്വേഗത്തിൽ പരിഹരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. പാൽവെളിച്ചം മുതൽ കൂടൽക്കടവ് വരെയാണ് ക്രാഷ് ഗാർഡ്റോപ്പ് ഫെൻസിംഗ് പ്രതിരോധം തീർത്തിട്ടുള്ളത്.