വിഷൻ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു


കൽപ്പറ്റ: വനം വന്യജീവി മാനുഷിക സംരക്ഷണം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാറെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കാടിന് സംരക്ഷണം നാടിന് വികസനം എന്ന പേരിൽ വനം വകുപ്പ് സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ സംഘടിപ്പിച്ച വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ നേതൃത്വത്തിൽ ആദ്യമായാണ് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുകയാണ് സെമിനാറിന്റെ മുഖ്യലക്ഷ്യം.

മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വന നിയമങ്ങളിൽ ജനങ്ങൾക്ക് പ്രയോജനകരമാവും വിധം ഇളവുകൾ നൽകണം. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം, വന സംരക്ഷണം, വന്യമൃഗ സംരക്ഷണം എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സെമിനാറിൽ ഐ.സി.ഐ.സി.ഐ ബാങ്ക് കോർപറേറ്റ് സോഷ്യൽ റസ്‌പോൺസിബിളിറ്റി വിഭാഗം 200 ക്യാമറ ട്രാപ്പുകൾ മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. ജൈവ വൈവിധ്യങ്ങളുടെ കാവൽക്കാരായ വനം വകുപ്പ് വന്യമൃഗ മനുഷ്യ സംഘർഷം ലഘൂകരിക്കാൻ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു സെമിനാറിൽ പറഞ്ഞു. ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുകഴേന്തി, എ.ഡി.എം കെ. ദേവകി, സുൽത്താൻ ബത്തേരി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. അസൈനാർ, ജസ്റ്റിൻ ബേബി, തിരുനെല്ലി പൂതാടി ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണൻ, മിനി പ്രകാശ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഇക്കോ ഡെവലപ്‌മെന്റ് ആൻഡ് ട്രൈബൽ വെൽഫയർ ഡോ. ജസ്റ്റിൻ മോഹൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ അഞ്ജൻ കുമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിഷയ വിദഗ്ധർ, ജനപ്രതിനിധികൾ,വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.