കൽപ്പറ്റ: ഡീസൽ ക്ഷാമത്തെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ കൂട്ടത്തോടെ മുടങ്ങി. കൽപ്പറ്റ ഡിപ്പോയിൽ നിന്നുള്ള സർവീസുകളാണ് കൂടുതലായും മുടങ്ങിയത്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണമേഖലകളിലേക്കുള്ള ബസുകൾ ഉൾപ്പെടെ മുടങ്ങി. കൽപ്പറ്റ ചൂരൽമല, കൽപ്പറ്റ സുഗന്ധഗിരി, കൽപ്പറ്റ സേട്ടുകുന്ന് തുടങ്ങിയ സർവീസുകളാണ് മുന്നറിയിപ്പില്ലാതെ മുടങ്ങിയത്. പണം അടക്കാത്തതിനാൽ ഡീസൽ എത്തിയില്ലാന്നാണ് ലഭിക്കുന്ന വിവരം. ബത്തേരി, മാനന്തവാടി ഡിപ്പോകളിലും ഏതാനും സർവീസുകൾ മുടങ്ങിയിട്ടുണ്ട്. സർവീസുകൾ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു കൽപ്പറ്റയിൽ യാചന സമരം നടത്തി. കെ.എസ്.ആർ.ടി.സിക്ക് പണം അയച്ചുകൊടുക്കുന്ന പ്രതിഷേധമാണ് കെ.എസ്.യു നടത്തിയത്. പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന സമരത്തിന് ജില്ലാ പ്രസിഡന്റ് ഗൗതംഗോകുൽദാസ്‌ നേതൃത്വം നൽകി. പിന്നാക്ക പ്രദേശമായ വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി വർഷങ്ങളായി തുടരുന്ന അവഗണനയുടെ ഭാഗമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.