പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് 20 വർഷം
ബേപ്പൂർ: ബി.സി റോഡിൽ മിനി സ്റ്റേഡിയത്തിന് സമീപം 20 വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 'മാനിറ്റോ' എന്ന സ്വകാര്യ കെട്ടിടം പൊതുശല്യമായി മാറുന്നുവെന്ന് പരാതി. കെട്ടിടവും ചുറ്റുമതിലും ഭാഗികമായി തകർന്ന്, ചുറ്റുപാടും കാട് പിടിച്ച അവസ്ഥയിലാണ്. നൂറുകണക്കിന് വവ്വാലുകൾ, കാട്ട് പൂച്ചകൾ, പാമ്പുകൾ, കീരികൾ, മുള്ളൻ പന്നികൾ തെരുവ് നായ്ക്കൾ എന്നിവയുടെ താവളമാണ് ഇപ്പോൾ ഈ കെട്ടിടം. നിരവധി വവ്വാലുകളാണ് കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്നത്. അടുത്തുള്ള വീടിന്റെ ചുമരുകളിലും വൃക്ഷങ്ങളിലും കിണറിന്റെ പരിസരങ്ങളിലും വവ്വാൽ കാഷ്ഠം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മഴ പെയ്താൽ രൂക്ഷമായ ദുർഗന്ധവും ഉണ്ടാവും. മലപ്പുറം സ്വദേശിയായ കെട്ടിട ഉടമയോട് പല തവണ പറഞ്ഞിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ ഇവിടെ അപരിചിതരെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ് കെട്ടിടമുള്ളത്. കെട്ടിടവളപ്പിലെ വൻ മരങ്ങൾ ഏത് നിമിഷവും സമീപത്തെ വീടിന് മുകളിലേക്ക് വീഴുമെന്ന ഭീതിയോടെയാണ് അയൽവാസികൾ കഴിയുന്നത്.
'1990-91 കാലഘട്ടത്തിൽ ഗ്രെയിൻ്റർ, കമ്പ്യൂട്ടർ പേപ്പറുകൾ , ഫാൻ', മോട്ടോർ എന്നിങ്ങനെയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന മാനിറ്റോ ഇൻ്റർനാഷണൽ എന്ന സ്ഥാപനമായിട്ടാണ് ഈ കെട്ടിടം പ്രവർത്തനമാരംഭിച്ചത്. 2005 ൽ പ്രവർത്തനം നിറുത്തിയതിനെ തുടർന്ന് അടച്ച് പൂട്ടിയ നിലയിലാണ്. മേൽക്കൂരകൾ പൂർണ്ണമായും ദ്രവിച്ച് ഏതു നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയാണ്. കൃഷിഭവൻ, മൃഗാശുപത്രി, ഹെൽത്ത് സെൻ്റർ, കക്കാടത്ത് ഭഗവതി ക്ഷേത്രം ബോട്ട് യാർഡുകൾ , മിനിസ്റ്റേഡിയം എന്നിവയെല്ലാം ഈ കെട്ടിടത്തിന് സമീപത്താണ് പ്രവർത്തിക്കുന്നത്. കെട്ടിടവും പരിസരവും വൃത്തിയാക്കുവാനോ കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കുകയോ ചെയ്യണമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഉടമയുടെ ഭാഗത്തു നിന്നോ ഡിവിഷൻ കൗൺസിലറുടെ ഭാഗത്തു നിന്നോ ഒരു നടപടിയും ഉണ്ടാകുന്നില്ല.