വളയം: ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. വളയം ടൗണ്‍ സൗന്ദര്യവത്കരണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മികച്ച റോഡുകളൊരുക്കാന്‍ എല്ലാ രീതിയിലും സര്‍ക്കാര്‍ ഇടപെടും. പശ്ചാത്തല വികസന മേഖലയില്‍ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. രണ്ടര കോടി അടങ്കല്‍ തുക വിനിയോഗിച്ചാണ് വളയം ടൗണ്‍ നവീകരിച്ചത്. വീതികൂടിയ റോഡ്, ഇന്റര്‍ലോക്ക്, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, കൈവരി, വൈദ്യുത അലങ്കാരവിളക്കുകള്‍, പെയിന്റിംഗ്, പൂന്തോട്ടം, സെല്‍ഫി പോയിന്റ്, പുതിയ അഴുക്കുചാല്‍ സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയാണ് സൗന്ദര്യവത്കരണം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായി. വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അദ്ധ്യക്ഷനായി. കെ.പി വനജ, സുരേഷ് കൂടത്താംകണ്ടി, ഇ. അരുണ്‍കുമാര്‍, പി.ടി നിഷ, സി.വി അംബുജ, കെ.വി വിനോദ്, കെ.എന്‍ ദാമോദരന്‍, സി. ബാലന്‍, ഒ പ്രേമന്‍, വി.കെ. ഹാഷിം, സി.ബി നളിന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.