ration
ration

@ സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ

കോഴിക്കോട്: എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് സാധനങ്ങൾ എത്തുന്നത് നിലച്ചതോടെ കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിൽ വീണ്ടും റേഷൻ വിതരണം മുടങ്ങി. റേഷൻ കടകളിലേക്കുള്ള സാധന വിതരണം ഒരു മാസം മുമ്പ് ബേപ്പൂരിൽ നിന്ന് വെള്ളയിലേക്ക് മാറ്റിയിരുന്നു. എന്നാൽ റേഷൻ കടകളുടെ അക്കൗണ്ടുകൾ മാറ്റിയിരുന്നില്ല. തിരുവനന്തപുരം സിവിൽ സപ്ളെെസ് ഓഫീസിലേക്ക് അക്കൗണ്ടുകൾ മാറ്റാൻ അയച്ചിട്ടുണ്ടെങ്കിലും ഉത്തരവ് വൈകുന്നതാണ് വിതരണ പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ തങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ വെള്ളയിൽ എൻ.എഫ്.എസ്.എ ഗോഡൗണിനു മുന്നിൽ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുകയാണ്.
വെള്ളയിൽ ഗോഡൗൺ ബേപ്പൂരിലേക്ക് മാറ്റിയ ഘട്ടത്തിൽ ആറ് മാസത്തോളം റേഷൻ വിതരണം തടസപ്പെട്ടിരുന്നു. പ്രവർത്തന സൗകര്യത്തിന്റെ പേരിലായിരുന്നു അന്നത്തെ മാറ്റം. വെള്ളയിൽ ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികളെയും ബേപ്പൂരിലേക്ക് മാറ്റിയിരുന്നു. എന്നാൽ തൊഴിൽ തർക്കവും തൊഴിലാളികൾ തമ്മിൽ ശീതസമരവുമുണ്ടായതോടെ കയറ്റിറക്ക് മന്ദഗതിയിലായി, റേഷൻ വിതരണം തടസപ്പെട്ടു. റേഷൻ വ്യാപാരികളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് സിവിൽ സപ്ളെെസ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് ഗോഡൗൺ വെള്ളയിൽ പുനസ്ഥാപിച്ചെങ്കിലും റേഷൻ കടകളുടെ അക്കൗണ്ട് മാറ്റം വൈകുന്നതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണമായത്.

ബാധിക്കുന്നത് 2.6 ലക്ഷം ഗുണഭോക്താക്കളെ

റേഷൻ വിതരണം മുടങ്ങുന്നത് കാർഡുടമകളെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കും. മാസ വിതരണം കൃത്യമായി നടന്നില്ലെങ്കിൽ സാധന വിതരണം പ്രതിസന്ധിയിലാകും. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വ്യാപാരികളുടെ അക്കൗണ്ടുകൾ മാറ്റുന്നതിലെ കാലതാമസത്തിന് കാരണമെന്നാണ് ആക്ഷേപം. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാണ് കാർഡ് ഉടമകളുടെയും ആവശ്യം. വിഷയം വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് വ്യാപാരികളുടെ ശ്രമം.

റേഷൻ കടകൾ....84

കാർഡ് ഉടമകൾ....70,226

ഗുണഭോക്താക്കൾ....2.59.541

പല കടകളിലും സ്റ്റോക്കില്ലാത്തതിനാൽ വിതരണം നടക്കുന്നില്ല. സാധനമില്ലാത്തതിനാൽ കാർഡുടമകൾക്ക് തിരികെ പോകേണ്ട അവസ്ഥയാണ്.

-കെ.പി. അഷ്റഫ്,

ജില്ല സെക്രട്ടറി,

റേഷൻ ഡീലേഴ്സ് അസോ.