d

കോഴിക്കോട്: നാടിന് ഗുണകരമായ വികസനപദ്ധതികൾ വരുമ്പോൾ അതിനെ അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്ലുത്താൻകടവിലെ ന്യൂപാളയം പഴം -പച്ചക്കറി മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല കാര്യങ്ങൾ നല്ലതാണെന്ന് അംഗീകരിച്ചാൽ പ്രയാസം വരുമെന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ഒരു കൂട്ടർ മാറി. മത്സരം തിരഞ്ഞെടുപ്പിൽ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

നാടിന്റെ വികസന പദ്ധതികൾക്ക് ജയിച്ചവരും പരാജയപ്പെട്ടവരും ഒരുപോലെ താത്പര്യം കാണിക്കണം. ഭരണത്തിലുള്ളവർ കൃത്യതയോടെ കാര്യങ്ങൾ നിർവഹിക്കാതെവന്നാൽ അതിനെ പ്രതിപക്ഷം വിമർശിക്കണം. എന്നാൽ നാടിന്റെ വികസന കാര്യങ്ങളെ അനുകൂലിക്കാതിരിക്കരുതെന്നും പ്രതിപക്ഷമെന്നാൽ എല്ലാകാര്യങ്ങളും എതിർക്കാനുള്ളവരാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂ പാളയം മാർക്കറ്റ് സമുച്ചയത്തിലെ മൾട്ടി ലെവൽ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും നി‌ർവഹിച്ചു. മാർക്കറ്റിലെ കടകളുടെ താക്കോൽദാന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അതേ സമയം പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ടുനിന്നു. എം.കെ. രാഘവൻ എം.പിയും കോൺഗ്രസ്‌ -ലീഗ് അംഗങ്ങളും പങ്കെടുത്തില്ല. പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് പാളയത്ത് വ്യാപാരികളും തൊഴിലാളികളും പ്രതിഷേധ പ്രകടനവും നടത്തി.