സുൽത്താൻ ബത്തേരി: ഫുട്‌ബോൾ കളിക്കാൻ താത്പ്പര്യമുണ്ട് , പക്ഷേ പണമില്ലാത്തതിനാൽ പരിശീലന കളരിയിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നുള്ള വിഷമം ഇനി ആർക്കും വേണ്ട. പണമല്ല പ്രധാനം കളിയാണ്. ഇത്തരം മനോഭാവവും താത്പ്പര്യവുമുള്ള ആർക്കും പരിശീലനക്കളരിയിൽ സൗജന്യമായി പങ്കെടുക്കാം. കർണാടക അതിർത്തിയോട് ചേർന്ന മുത്തങ്ങയിലെ അമിഗോസ് ഫുട്‌ബോൾ അക്കാദമിയാണ് സൗജന്യമായി ഫുട്‌ബോളിൽ പലിശീലനം നൽകുന്നത്.
ആറ് വയസുമുതൽ മുപ്പത്തിയഞ്ച് വയസുവരെയുള്ള ആർക്കും ക്യാമ്പിൽ സൗജന്യമായി പരിശീലനം നേടാം. പണമില്ലാ എന്നതിന്റെ പേരിൽ പരിശീലം മുടക്കേണ്ടതില്ല. തികച്ചും സൗജന്യമായിട്ടാണ് ഫുട്‌ബോളിൽ പരിശീലനം നൽകുന്നത്. വിവിധ പ്രായക്കാരായ നൂറ്റിയിരുപതോളം കുട്ടികളാണ് ഇപ്പോൾ ക്യാമ്പിൽ പരിശീലിച്ചുവരുന്നത്. നല്ല ഒരു ഗ്രൗണ്ടുപോലുമില്ലാത്ത മുത്തങ്ങക്കടുത്ത വനയോര ഗ്രാമത്തിലാണ് കളിക്കളം. വിവിധ ചെക്ക് പോസ്റ്റുകളുടെ സമുച്ചയം നിർമ്മിക്കുന്നതിനായി റവന്യു വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്ന കല്ലൂർ 67ലെ സ്ഥലത്താണ് പരിശീലനം നടത്തുന്നത്. ജില്ലയിൽ തിരുനെല്ലികഴിഞ്ഞാൽ ഏറ്റവുമധികം ഗോത്രജനത വസിക്കുന്ന നൂൽപ്പുഴ പഞ്ചായത്തിലാണ് അമിഗോസ് എന്ന ഫുട്ബോൾ അക്കാദമി പ്രവർത്തിക്കുന്നത്. അക്കാദമിയിലെ തെണ്ണൂറ് ശതമാനം ആളുകളും ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്. കായികപരമായി നല്ല കഴിവുള്ള ഗോത്രവർഗ്ഗ കുട്ടികളിലെ ഫുട്‌ബോളിനോടുള്ള കമ്പം കണ്ടറിഞ്ഞ അൽത്താഫും ഒരു സംഘം ചെറുപ്പക്കാരും ചേർന്നാണ് ഇവരെ പരിശീലിപ്പിക്കാൻ അക്കാദമി എന്ന ആശയവുമായി രംഗത്ത് വന്നത്. ഇതിന് നിമിത്തമായതും അൽത്താഫിന്റെ തന്നെ കഥയാണ്. പന്ത് കളി എന്ന മോഹവുമായി വിവിധ ക്ലബ്ബുകളിലും കളി സ്ഥാലങ്ങളിലും ചെന്നങ്കിലും അവരെല്ലാം പരിശീലനം നേടിയവർക്ക് മാത്രമാണ് അവസരം നൽകിയത്. അവസരം നിഷേധിക്കപ്പെട്ട അൽത്താഫ് സ്വയം പരിശ്രമത്തിലൂടെ നല്ല ഒരു കളിക്കാരനായി മാറി. അണ്ടർ 20 ഫുട്‌ബോളിലെ ജില്ലാ ക്യാപ്റ്റനും നല്ല ഒരുപരിശീലകനുമായി മാറി.
താൻ ജനിച്ച് വളർന്ന ഗ്രാമത്തിലെ കുട്ടികളെകൂടി കൈപിടിച്ച് ഉയർത്തുക. ഇതിനായി സമപ്രായക്കാരുമായി ആശയ വിനിമയം നടത്തുകയും അവരുടെ സഹകരണത്തോടെ ക്യാമ്പ് തുടങ്ങാൻ തീരുമാനിച്ചു. ക്യാമ്പിലേയ്ക്ക് വേണ്ട ഫുട്‌ബോളും മറ്റും വിദേശത്തുള്ള ചില സ്‌പോൺസർമാരുടെ സഹായത്തോടെ സംഘടിപ്പിച്ചു. ക്യാമ്പിലെ കുട്ടികളെവെച്ച് മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിൽ നിന്ന് കിട്ടുന്ന തുക ക്യാമ്പിന്റെ പ്രവർത്തനത്തിനായി മാറ്റിവെച്ചതോടെ ക്യാമ്പിന്റെ പ്രവർത്തനം സജ്ജീവമായി. അക്കാദമിയിൽ നിന്നുള്ള നിരവധി കുട്ടികളാണ് ഇപ്പോൾ ജില്ലയിലെ വിവിധ കാറ്റഗറികളിലുള്ള ടീമിൽ ഇടം പിടിച്ചിട്ടുള്ളത്.