മുക്കം: കർഷകരോടും കലാകാരൻമാരോടും വാക്കുപാലിക്കാതെ മുക്കം നഗരസഭ. കർഷകരുടെ കൃഷി നശിപ്പിക്കുകയും നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന കാട്ടുപന്നികളെ വേട്ടയാടുന്ന കാര്യത്തിൽ നഗരസഭ നൽകിയ ഉറപ്പ് നടക്കാതെ വന്നതോടെയാണ് കർഷകർ പ്രതിഷേധ സമരം ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ ഈ മാസം ആറിന് നൽകിയ ഉറപ്പും ജലരേഖയായതോടെയാണ് കർഷകർ കടുത്ത സമരമുറ പ്രയോഗിക്കാനൊരുങ്ങുന്നത്. നഗരസഭയ്ക്കു പുറത്തുള്ള ഷൂട്ടർമാരുടെ സഹായത്തോടെ കൂടി വേട്ടനായ്ക്കളെയും ഉപയോഗിച്ച് പന്നിവേട്ട നടത്തി പന്നികളെ കൊന്നൊടുക്കാമെന്നാണ് കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ചെയർപേഴ്സൺ ഉറപ്പ് നൽകിയിരുന്നത്. മാസങ്ങൾക്കു മുമ്പുതന്നെ ഈ പ്രശ്നം നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് സെപ്തംബർ 11 ന് മണാശ്ശേരിയിൽ നഗരസഭ ചെയർമാൻ വിളിച്ച യോഗത്തിൻ്റെ തീരുമാനം നടപ്പാക്കത്തതിനാലാണ് 25 ന് വ്യാപാരഭവനിൽ കർഷകരും നാട്ടുകാരും നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചത്. 30 നകം പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പ് കേട്ട് മടങ്ങിയവർ ഗത്യന്തരമില്ലാതെയാണ് ഈ മാസം 3 മുതൽ നഗരസഭ കവാടത്തിൽ അനിശ്ചിതകാല ഉപവാസ സമരമാരംഭിച്ചത്. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉൾപ്പെട്ട സമരം ശക്തി പ്രാപിച്ചപ്പോളാണ് ചെയർപേഴ്സൺ ഉറപ്പു നൽകി സമരം അവസാനിപ്പിച്ചത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
കലാകാരൻമാരോടും നഗരസഭ വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് അവരുടെ പ്രതിഷേധം. കലാകാരൻമാർ ദീർഘനാൾ നടത്തിയ പ്രതിഷേധത്തിൻ്റെയും പ്രക്ഷോഭത്തിൻ്റെയും ഫലമായി നിർമിച്ച ഇ.എം.എസ് ഓഡിറ്റോറിയം സംരക്ഷിക്കാതെ ഉപയോഗശൂന്യമായതിനാലാണ് കലാകാരൻമാരുടെ പ്രതിഷേധം.
പന്നിവേട്ടയുടെ കാര്യം പരിഗണനയിലുണ്ട്.നഗരസഭയിലെ ഷൂട്ടർമാർക്ക് വേട്ടനായ്ക്കളില്ല. നായ്ക്കളുള്ള ഷൂട്ടർമാരെ കിട്ടാൻ പെരിന്തൽമണ്ണയിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പി.ടി. ബാബു, ചെയർപേഴ്സൺ മുക്കം നഗരസഭ
പൊതു പരിപാടികൾ നടത്താൻ ഇടമില്ലാതിരുന്ന മുക്കത്ത് കലാ സാംസ്കാരിക പ്രവർത്തകർ നടത്തിയ പ്രക്ഷോഭത്തിൻ്റെ ഫലമായി ലഭിച്ച ഇ.എം.എസ്.ഓഡിറ്റോറിയം ആവശ്യമായ നവീകരണ പ്രവൃത്തി നടത്തി ഉപയോഗയോഗ്യമാക്കാത്തത് പ്രതിഷേധാർഹമാണ്.
മുക്കം ഭാസി, എഴുത്തുകാരൻ
പന്നി ശല്യം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയായി. അടുത്ത പഞ്ചായത്തുകളെല്ലാം പന്നികളെ വേട്ടയാടി ഉൻമൂലനം ചെയ്യുമ്പോൾ മുക്കം നഗരസഭ നിസംഗത തുടരുകയാണ്. കർഷകരോടും നാട്ടുകാരോടും നഗരസഭകാണിക്കുന്നത് വഞ്ചനയാണ്.
വിനോദ് മണാശേരി, കർഷകൻ കർഷക സംഘടന പ്രതിനിധി