സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി നിക്ഷേപകരുടെ പരാതി യിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.
സുൽത്താൻ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്ന് പ്രകടനവുമായി എത്തിയ യൂ.ഡി.എഫ് പ്രവർത്തകരെ പൊലീസ് ഡി.വൈ.എസ്.പി ഓഫീസിന് സമീപം റോഡിൽ തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ചിന്റെ മുൻനിരയിൽ പ്രവർത്തകരോടൊപ്പം പൊലീസുകാർ നിലയുറപ്പിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പൊലീസും പ്രവർത്തക തമ്മിൽ നേരിയ സംഘർഷത്തിലേയ്ക്ക് എത്തിയത്. നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
നിക്ഷേപ തട്ടിപ്പിൽ ഇഡി അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഡി.പി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, അബ്ദുള്ള മാടക്കര , കെ.ഇ. വിനയൻ, സംഷാദ് മരക്കാർ എന്നിവർ പ്രസംഗിച്ചു.