sasthra
ശാസ്ത്രമേള

കോഴിക്കോട്: റവന്യൂ ജില്ല ശാസ്ത്രമേള 27 മുതല്‍ 29 വരെ മീഞ്ചന്ത, ചെറുവണ്ണൂർ എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളിലായി നടക്കും. ആയിരത്തോളം വിദ്യാര്‍ത്ഥികളും 350ഓളം അദ്ധ്യാപകരും പങ്കെടുക്കും. ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐ.ടി.മേള, വി.എച്ച്.എസ്.സി സ്‌കില്‍ ഫെസ്റ്റിവല്‍, ശാസ്ത്രമേള എന്നിവയാണ് നടക്കുക. മീഞ്ചന്ത ആര്‍.കെ.മിഷന്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വേദി.

28ന് ആര്‍.കെ.മിഷന്‍ സ്‌കൂളില്‍ എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഗണിതശാസ്ത്രമേള ചെറുവണ്ണൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലാണ്. ഭാസ്‌കരാചാര്യ സെമിനാര്‍, രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍, തത്മയ നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സാമൂഹ്യശാസ്ത്രമേള പരപ്പില്‍ എം.എം.വി.എച്ച്. എസിൽ നടക്കും. 28ന് 12 വിഭാഗങ്ങളിലായി 300 കുട്ടികളും 29ന് 14 വിഭാഗങ്ങളിലായി 500 കുട്ടികളും പങ്കെടുക്കും. പ്രവൃത്തിപരിചയമേള ആര്‍.കെ.മിഷന്‍ സ്‌കൂളിലാണ്. 35 ഇനങ്ങളിലായി 28ന് 1190 എച്ച്.എസ് വിദ്യാര്‍ത്ഥികളും 29ന് 1190 എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ഐ.ടി. മേളയില്‍ 6 ഇനങ്ങളിലായി 408 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രസന്റേഷന്‍ നിര്‍മ്മാണം, ആനിമേഷന്‍, വെബ് പേജ് ഡിസൈന്‍, ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങള്‍ പ്രധാന ആകര്‍ഷണമായിരിക്കും. വി.എച്ച്.എസ്.സി സ്‌കില്‍ ഫെസ്റ്റിവല്‍, ചെറുവണ്ണൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് നടക്കുക. വിദ്യാര്‍ത്ഥികളുടെ വൊക്കേഷനല്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം കരിയര്‍ ഫെസ്റ്റ്, സെമിനാറുകള്‍, ഉത്പന്ന സ്റ്റാളുകള്‍ എന്നിവയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. അസീസ്, അശ്‌റഫ് ചാലിയം, കെ.വി.സാജിദ്, എം ശൈജു, ടി.അസീസ്, ആര്‍.കെ ഷാഫി എന്നിവര്‍ പങ്കെടുത്തു.