പയ്യോളി: പ്രമുഖ ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നായ തിക്കോടി കല്ലകത്ത് കടപ്പുറത്ത് തീരം പൂർണമായും കടലെടുത്തു. ഗതി മാറി ഒഴുകുന്ന ആവിത്തോട് പൂർവ സ്ഥിതിയിലാക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കവും ഫലം കണ്ടില്ല. ആവിപ്പാലത്തിനു നേരെ കടലിലേക്ക് ഒഴുക്കാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. മണ്ണുമാന്തി ഉപയോഗിച്ച് തീരത്തെ ചാലുകീറി തോടുണ്ടാക്കി ആവിത്തോട്ടിലെ ജലം കടലിലേക്ക് ഒഴുക്കിവിടാനായിരുന്നു ശ്രമം.
കൃത്രിമമായി നിർമിച്ച തോട് മഴയിൽ മണലടിഞ്ഞ് നിറഞ്ഞ നിലയിലായി. ഇതോടെ ഇതിലൂടെ വെള്ളം ഒഴുക്കാൻ കഴിയാതെയായി. 50 മീറ്ററോളം നീളത്തിൽ രണ്ട് മീറ്റർ വീതിയിലും ആഴത്തിലുമാണ് മണ്ണെടുത്തത്. ഇതാണ് വിഫലമായത്. അതേസമയം, ഗതി മാറി കടലിലേക്ക് ഒഴുകുന്ന ആവിത്തോട് ഇതിനകം കല്ലകത്ത് കടൽ തീരം പൂർണമായും ഇല്ലാതാക്കി. നൂറ് മീറ്റർ നീളത്തിൽ 75 മീറ്റർ വീതിയിൽ ഒരു മീറ്ററോളം ആഴത്തിൽ കര കടലെടുത്തു. തീരത്തുണ്ടായിരുന്ന താത്കാലിക കടകളും രണ്ട് തണൽ മരങ്ങളും കടലെടുത്തു. സംസ്ഥാനത്തെ രണ്ടാമത്തെ ഡ്രൈവ് ഇൻ ബീച്ചായി പരിഗണിക്കുന്ന ഈ തീരത്ത് സന്ദർശകർക്ക് ഇറങ്ങാനോ, റൈഡിന് വാഹനങ്ങൾ ഇറക്കാനോ കഴിയാത്ത സ്ഥിതിയിലാണ്. ആവിത്തോട് പൂർവ സ്ഥിതിയിൽ ആക്കിയില്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ കല്ലകത്ത് കടൽ തീരം നിശേഷം ഇല്ലാതാകുമോ എന്നതാണ് നാട്ടുകാരുടെ ആശങ്ക.