കൽപ്പറ്റ: ടൗൺഷിപ്പിൽ സ്ഥാപിച്ച സിമന്റ് മിക്സിംഗ് പ്ലാന്റ് പ്രവർത്തനം തുടങ്ങി. വെള്ളിയാഴ്ച മുതലാണ് പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയത്. കഴിഞ്ഞദിവസം ട്രയൽ റൺ നടത്തിയിരുന്നു. ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇവിടെ നിന്നുമാണ് തയ്യാറാക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ടൗൺഷിപ്പിൽ തന്നെ താത്ക്കാലിക സിമന്റ് മിക്സിംഗ് പ്ലാന്റ് ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ ആണ് പ്ലാന്റ് സ്ഥാപിച്ചത്.
നേരത്തെ മീനങ്ങാടിയിൽ നിന്നും ആണ് എത്തിച്ചിരുന്നത്. ഇത് നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതേതുടർന്നാണ് താത്ക്കാലിക കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റ് ടൗൺഷിപ്പിൽ തന്നെ തുടങ്ങിയത്. ഭൂം യന്ത്രം ഉപയോഗിക്കുന്നതിനാൽ തന്നെ മിനിറ്റുകൾക്കുള്ളിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. ഒരു വീടിന്റെ കോൺക്രീറ്റ് ഒരു മണിക്കൂറിനുള്ളിൽ ഇത്തരം സംവിധാനം ഉപയോഗിച്ച് പൂർത്തീകരിക്കാൻ കഴിയും. അതിനാൽ തന്നെ ഒരു ദിവസം അഞ്ചിൽ കൂടുതൽ വീടുകളുടെ കോൺക്രീറ്റ് ഇത്തരത്തിൽ നടത്താൻ കഴിയും. വീടുകൾ നിർമ്മിക്കുന്ന സിമന്റ് കട്ടയും ടൗൺഷിപ്പിൽ തന്നെ നിർമ്മിക്കുകയാണ് ലക്ഷ്യം. ഇതിനായി മറ്റൊരു യൂണിറ്റും പ്രവർത്തനം തുടങ്ങി. അടുത്ത ദിവസം മുതൽ ഇവിടെ നിന്നും സിമന്റ് കട്ടകൾ തയ്യാറാക്കും. നിലവിൽ 700 തൊഴിലാളികളാണ് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്.