gtr
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസ് സെന്റർ പ്രവർത്തിക്കുന്ന സ്ഥലം

താമരശ്ശേരി: താലൂക്ക് ആശുപത്രിയിലെ ഡയാലിസ് സെന്ററിൽ ലിഫ്റ്റില്ലാത്തതിനാൽ വലഞ്ഞ് ഡയാലിസിനെത്തുന്ന വൃക്കരോഗികൾ. 2014 ൽ ആരംഭിച്ച ഈ സെന്ററിൽ പതിമൂന്ന് ഡയാലിസ് മിഷ്യനുകളാണ് പ്രവർത്തിക്കുന്നത്. രാവിലെ 7 മണിക്ക് തുടങ്ങുന്ന ഡയാലിസ് രാത്രി 9.30 വരെ നടക്കും. ദിവസവും 32 രോഗികൾക്ക് ഇവിടെ ഡയാലിസ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ഇങ്ങനെ എത്തുന്നതിൽ കൂടുതൽ പേരും പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്തവരാണ്. മുകളിലെ നിലയിലേക്ക് കയറാൻ റാമ്പ് മാത്രമേ ഇവിടെയുള്ളു. ഇത്തരക്കാരെ സന്നദ്ധ സേവകർ വീൽചെയറിൽ ഉന്തിയാണ് മുകളിലേക്കും തിരികെ താഴെക്കും എത്തിക്കുന്നത്. വളണ്ടിയർ സേവനം ചെയ്യുന്നവരില്ലെങ്കിൽ ഡയാലിസിന് എത്തുന്നവർക്ക് മുകൾ നിലയിൽ എത്താൻ ഏറെ ബുദ്ധിമുട്ടും. ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച ശേഷം രോഗികളുടെ ബന്ധുക്കൾക്ക് രോഗികളുടെ കൂടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പല രോഗികൾക്കും ഡയാലിസിസിനിടയ്ക്ക് വെള്ളമോ മറ്റോ ആവശ്യം വരാറുണ്ട് ഇത് എടുത്തുകൊടുക്കാൻ കൂടെ ആളില്ലാതെ പറ്റില്ല എന്നിരിക്കെ ഈ നിയന്ത്രണത്തിന് തങ്ങൾക്കെങ്കിലും ഇളവ് വേണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ലിഫ്റ്റിന്റെ പ്രശ്നത്തിനൊപ്പം ഉടൻ തന്നെ ഇക്കാര്യത്തിലും നടപടി വേണമെന്നാണ് അവരുടെ ആവശ്യം.

ലിഫ്റ്റില്ലാത്ത പ്രശ്‌നം ആരോഗ്യ വകുപ്പ് ഡയരക്ടറുടെ ശ്രദ്ധയിൽപെടുത്തും

ഡോ.എം.കെ.മുനീർ എം.എൽ.എ