road
പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കാൻ നടപടി തുടങ്ങി. ഇതു സംബന്ധിച്ച് ചീഫ് എൻജിനിയർ നിർദ്ദേശം നൽകിയെന്നാണ് വിവരം. പദ്ധതി അനുമതിയ്ക്കായി പ്രാഥമിക ഡി.പി.ആറാണ് ആദ്യം തയ്യാറാക്കുക. തുടർന്ന് കൂടുതൽ വിശദാംഗങ്ങൾ ഉൾപ്പെടുത്തും. ചുരമില്ലാത്ത ഈ പാതയ്ക്ക് സമർപ്പിച്ച മൂന്ന് അലെെന്മെന്റുകളിൽ, തുരങ്കപാത ഉൾപ്പെടുന്ന അലെെൻമെന്റിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചു. മൂന്ന് അലെെൻമെന്റുകൾ സമർപ്പിച്ചിരുന്നു. വിശദമായ പദ്ധതിരേഖയ്ക്ക് അംഗീകാരം ലഭിച്ചാൽ വനം വകുപ്പിന്റെ അനുമതിക്ക് സമർപ്പിക്കും. വനം ഉൾപ്പെടുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടിവരും. പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് കടന്നുപോകുന്ന വഴിയിലാണ് മലബാർ വന്യജീവി സങ്കേതം. വന്യജീവികൾക്ക് ഭീഷണിയുണ്ടെങ്കിൽ കേന്ദ്രാനുമതി കിട്ടാനിടയില്ല. തുരങ്കപാതയാകുമ്പോൾ ഈ പ്രശ്നമുണ്ടാകില്ല. തൃശൂർ കുതിരാനിലെ തുരങ്കപാത ഇതിനുദാഹരണമാണ്. കോഴിക്കോട് ജില്ലയിലെ വനമേഖലയിൽ വിലങ്ങൻപാറയിലാണു തുരങ്കം നിർമ്മിക്കുക.

നടപടികൾക്ക്

അതിവേഗം

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവർത്തനം ഏകോപിപ്പിക്കാൻ സെപ്തംബറിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചത് പ്രവർത്തനം വേഗത്തിലാക്കി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വി.കെ. ഹാഷിം, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി എ.ഷിബു എന്നിവരാണ് നോഡൽ ഓഫീസർമാർ. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അലെെൻമെന്റും വേഗത്തിൽ തയ്യാറാക്കിയത്. 2024 മാർച്ചിലാണ് ബദൽ റോഡിന്റെ സാദ്ധ്യതാപഠനത്തിന് സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു സർവേ ചുമതല. സർവേ നടപടികളും എളുപ്പം പൂർത്തിയായി.

തുരങ്ക പാതയുടെ നീളം.... 2.844 കി.മി.

നിലവിൽ കണക്കാക്കുന്ന ദൂരം.... 27.225 കി.മി.

തുരങ്കം വന്നാൽ ദൂരം... 20.976 കി.മി.