പേരാമ്പ്ര: നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന മുളിയങ്ങൽ - കായണ്ണ കനാൽ റോഡ് കാടുമൂടി അപകട ഭീഷണി ഉയർത്തുന്നതായി പരാതി. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂർ ജി.യു.പി. സ്കൂളിലേക്ക് ഉൾപെടെയുള്ള വിദ്യാർത്ഥികളും ഗ്രാമവാസികൾക്കുമുള്ള പ്രധാന റോഡാണിത്. കാട്ടുപന്നി, പെരുമ്പാമ്പ് എന്നീ ജീവികളെ ഇവിടെ യാഥേഷ്ടം കാണാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. സ്കൂളിലേക്ക് ചെറിയ കുട്ടികൾ നടന്നു പോകേണ്ടി വരുന്ന സാഹചര്യത്തിൽ ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. റോഡിൻ്റെ ശോച്യാവസ്ഥയും ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പന്തിരിക്കരയിൽ അപകടങ്ങൾ പെരുകുന്നതായി പരാതി
ഗ്രാമ മേഖലകളിലെ കൃഷിയിടങ്ങളിൽ വന്യജീവി ശല്യം രൂക്ഷമായതിന് പിന്നാലെ ടൗണിലും വന്യജീവികൾ ഇറങ്ങുന്നതായി പരാതി. കഴിഞ്ഞ ദിവസം പന്തിരിക്കരയിൽ സ്കൂട്ടിയിൽ യാത്ര ചെയ്യവെ വിദ്യാർത്ഥിക്ക് പന്നി ഇടിച്ച് പരിക്കേറ്റിരുന്നു. രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയായ പന്തിരിക്ക സ്വദേശി മുഹമ്മദ് സിനാനാണ് രാവിലെ
കോളേജിലേക്ക് പോവുമ്പോൾ പരിക്കേറ്റത്. തലക്കും കണ്ണിനും കാലിനും പരിക്കേറ്റ മുഹമ്മദ് സിനാൻനെ പേരാമ്പ്ര താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും തുടർന്ന് പ്ലാസ്റ്റിക് സർജറിക്കായി സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. മുൻപ് പെരുവണ്ണാമൂഴി റോഡിൽ കോക്കാട് ജംഗ്ഷന് സമീപം കാട്ടുപന്നി കാറിലിടിച്ച് തെറിച്ച് റോഡരികിൽ ചത്ത സംഭവമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഒരു വശം തകർന്നിരുന്നു. ഇതിന് മുമ്പും ഇതേസ്ഥലത്ത് തന്നെ ഓട്ടോയ്ക്കു മുന്നിൽ പന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. പന്തിരിക്കര പള്ളിക്കുന്ന് പ്രകാശ് അയേൺ വർക്സിന് സമീപം ബൈക്ക് യാത്രികനെ പന്നി ഇടിച്ചു പരിക്കേൽപിച്ചിരുന്നു.
കാട് മൂടിയ റോഡ് അപകട ഭീഷണി ഉയർത്തുകയാണ്. കുട്ടികൾ നടന്നു പോകുന്ന റോഡാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ഉടനെ കാട് വെട്ടി മാറ്റണം.
വൽസൻ എടക്കോടൻ, പൊതു പ്രവർത്തകൻ