ബാലുശ്ശേരി: എരമംഗലം പ്രദേശത്ത് അനധികൃതമായി സൂക്ഷിച്ച വൻ സ്ഫോടക വസ്തുക്കളുടെ ശേഖരം പൊലീസ് പിടിച്ചെടുത്തതിന് പിന്നാലെ എരമംഗലം ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ക്വാറി തൊഴിലാളികൾ താമസിച്ചിരുന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം 46 പെട്ടികളിലായി സൂക്ഷിച്ച 9200 ഓളം ജലാറ്റിൻ സ്റ്റിക്കുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ക്വാറികൾ അടച്ചുപൂട്ടുക എന്ന ആവശ്യം ഉയർത്തി ജനകീയ സംരക്ഷണ സമിതി കുറെ മാസങ്ങളായി സമര രംഗത്തുണ്ട്. പൊതുസമ്മേളനത്തിൽ സംരക്ഷണ സമിതി ചെയർമാനായ കെ.വി. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അസ്‌ലം ബക്കർ, ഷിജാസ് കെ.പി, ഷിബാഷ് എളാക്കൂൽ എന്നിവർ പ്രസംഗിച്ചു.