കൽപ്പറ്റ: ഇന്ന് തുലാപത്ത്. വയനാട്ടിലെ കുറിച്യർ അമ്പും വില്ലുമായി വനത്തിൽ കയറി നായാട്ട് നടത്തുന്ന ദിവസം. കാലം മാറി. വനൃമൃഗ വേട്ടയ്ക്ക് നിരോധനം വന്നപ്പോൾ നായാട്ടും ഓർമ്മയായി.ഗതകാല സ്മരണകൾ അയവിറക്കി വയനാട്ടിലെ കുറിച്യ സമുദായം ഉന്നതികളിൽ കഴിയുകയാണ്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കായിരുന്നു നായാട്ട്. അമ്പും വില്ലുമായി വനത്തിൽ കയറുന്ന കുറിച്യ സമുദായക്കാർ കാടിളക്കിയാണ് നായാട്ട് നടത്തിയിരുന്നത്. സമുദായത്തിന്റെ ആചാരത്തിന് സർക്കാർ വക വിലക്ക് വീണതോടെ വനത്തിൽ കയറിയുളള നായാട്ട് ഇല്ലാതെ തുലാപത്ത് ചടങ്ങുകളിലൊതുങ്ങി. അമ്പും വില്ലും പൂജിച്ച ശേഷമായിരിക്കും കുറിച്യ സമുദായക്കാർ വനത്തിലേക്ക് കയറിയിരുന്നത്. വയനാട്ടിൽ 108 ഓളം തറവാടുകളാണ് കുറിച്യ സമുദായങ്ങൾക്കുണ്ടായിരുന്നത്. കൂട്ടുകുടുംബ വ്യവസ്ഥയിലാണ് ഇവരുടെ ജീവിതം. ആചാരങ്ങൾക്ക് ഓരോന്നായി വിലക്ക് വീണതോടെ തറവാടുകളും കുറഞ്ഞു. ഇപ്പോൾ വയനാട്ടിൽ അമ്പതോളം തറവാടുകൾ മാത്രമേയുളളു.
കന്നിമാസം 25ന് അമ്പും വില്ലുമായി സ്ഥലത്തെ കുന്നിൽപ്രദേശത്ത് കയറി ചെന്ന് 'കുന്നുറക്കുക' എന്ന ചടങ്ങ് നടത്തും. പൂജയും ഉണ്ടായിരിക്കും. അതിന് ശേഷമാണ് തുലാപത്തിന് കുന്നിൻ മുകളിൽ പോയി 'കുന്ന് ഉണർത്തു'ന്ന ചടങ്ങ് നടത്തുന്നത്. കുന്ന് ഉണർത്തൽ ചടങ്ങിന് ശേഷമാണ് പൂജിച്ച അമ്പും വില്ലുമായി വനത്തിലേക്കുളള യാത്ര. വേട്ടയാടിയ മൃഗങ്ങളെയും കൊണ്ട് കുറിച്യ തറവാടുകളിലേക്ക് ആഘോഷമായാണ് വരവ്. ഇതെല്ലാം ഇന്ന് ഓർമ്മയായി. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പട നയിച്ച വീര കേരള വർമ്മ പഴശ്ശിരാജാവിന്റെ മുഖ്യ പടയാളികൾക്കാണ് ഈ ദുരവസ്ഥ.
#
''കുറിച്യ സമുദായങ്ങൾ കാലങ്ങളായി നടത്തിയിരുന്ന തുലാപത്തിന്റെ നായാട്ടിന് അനുമതി നൽകണം. ആചാരങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. അത് ശരിയല്ല. കൂട്ടുകുടുംബ സംസ്ക്കാരം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഗോത്രവർഗസംസ്ക്കാരം ഇല്ലാതാകുന്നത് അപകടമാണ്.''
-പത്മശ്രീ ചെറുവയൽ രാമൻ
പാരമ്പര്യ നെൽ വിത്ത് സംരക്ഷകൻ