കൽപ്പറ്റ: നഗരസഭാ പരിധിയിലെ ഡിവിഷനുകളിൽ ഇടത് അനുകൂലവോട്ടുകൾ വൻതോതിൽ വെട്ടി നീക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറി അലി അസഹറിന് മുൻപിലാണ് സി.പി.എം പ്രതിഷേധിച്ചത്.
യു.ഡി.എഫ് പരാതിയിൽ പരിശോധനപോലും നടത്താതെ വൻതോതിൽവോട്ടുകൾ വെട്ടി മാറ്റിയെന്നാണ് ആക്ഷേപം. സ്ഥിരതാമസക്കാരായിട്ട് പോലും പലരുടെയുംവോട്ടുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഗൂഡല്ലായി വാർഡിൽ മാത്രം 62 പേരുടെ വോട്ടുകളാണ് ഒഴിവാക്കിയത്. നഗരസഭാ പരിധിയിൽ താമസക്കാരല്ലാത്ത പലരെയും വോട്ടർമാരായി നിലനിർത്തുകയും ചെയ്തു. യു.ഡി.എഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥർ ഇത്തരം നടപടികൾ സ്വീകരിച്ചത്. അതിനാൽ തന്നെ അർഹരായ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്താൻ നടപടിവേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. നേതാക്കളായ ഷംസുദ്ദീൻ എമിലി , റഷീദ്, അർജുൻ ഗോപാൽ, വാർഡ് കൗൺസിലർ നിജിത തുടങ്ങിയവർ നേതൃത്വം നൽകി.