കൽപ്പറ്റ: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുമായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ഇടയ്ക്കിടെ കണ്ണടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. കൈനാട്ടി ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്നലാണ് ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നത്. കൽപ്പറ്റയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണിത്. ദേശീയ പാതയിൽ നിന്നും മാനന്തവാടി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ വാഹന യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു. സിഗ്നൽ സ്ഥാപിച്ചശേഷം ഇവിടെ വാഹനാപകടങ്ങൾ നന്നേ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആറുമാസത്തോളമായി സിഗ്നലിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. കൃത്യസമയത്ത് പ്രവർത്തിക്കാത്തതിനാൽ തന്നെ പൊലീസും വലഞ്ഞു. സിഗ്നലിന് സമീപം പൊലീസ് കാവലിരിക്കേണ്ട അവസ്ഥയാണ്. സിഗ്നൽ പ്രവർത്തിച്ചില്ലെങ്കിൽ ഉടൻതന്നെ സ്ഥലത്ത് പൊലീസെത്തി ട്രാഫിക് നിയന്ത്രിക്കേണ്ടി വരുന്നുണ്ട്. കെൽട്രോൺ ആണ് സിഗ്നൽ സ്ഥാപിച്ചത്. തകരാർ പരിഹരിക്കാനായി പലവട്ടം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സിഗ്നൽ പ്രവർത്തിക്കാത്ത സമയത്ത് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് പുറകിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിന് കാരണമാകുന്നുണ്ട്. സ്വകാര്യ ബസും ഒമിനി വാനും ഇത്തരത്തിൽ നേരത്തെ അപകടത്തിൽപ്പെട്ടിരുന്നു.