road
പുൽപ്പാറ റോഡ് ചെളിക്കുളമാക്കുന്നതിനെതിരെ ടൗൺഷിപ്പ് പദ്ധതി പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നു

കൽപ്പറ്റ: ടൗൺഷിപ്പ് പദ്ധതി പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. പുൽപ്പാറ റോഡ് ചെളിക്കുളം ആകുന്നതിരെയാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു. റോഡ് ചെളിക്കുളം ആയതോടെ പ്രദേശത്തേക്ക് ഓട്ടോറിക്ഷപോലും വരാതായെന്ന് നാട്ടുകാർ പറയുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ വാഹനങ്ങൾ തലങ്ങും വിലങ്ങുംപോവുകയാണ്. ടൗൺഷിപ്പ് പദ്ധതി പ്രദേശത്തു നിന്നും റോഡിലേക്ക് ചെളി ഒഴുകിയെത്തുന്നു. ഇതേതുടർന്ന് കാൽനടപോലും സാധ്യമല്ലാത്ത വിധംറോഡ് ചെളികുളമായി. ഇതാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങാൻ കാരണമായത്. നിർമ്മാണ കമ്പനിയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് ഇന്നലെ രാവിലെ 10 മണി മുതൽ പ്രദേശവാസികൾ പ്രതിഷേധവുമായി റോഡിൽ എത്തിയത്. വിവരമറിഞ്ഞ്‌ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇന്ന് വൈകുന്നേരം ജില്ലാ കളക്ടറുമായി നടത്തുന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പിൻമേലാണ് സമരം താത്ക്കാലികമായി അവസാനിപ്പിച്ചത്. തങ്ങൾ ടൗൺഷിപ്പ് പദ്ധതിക്കെതിരല്ല എന്നാൽ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 200 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. നേരത്തെ തന്നെ റോഡ് തകർന്നിരുന്നു. നിരന്തരമുള്ള മഴയും ചെളി റോഡിലേക്ക് ഒഴുകിയെത്തുന്നതും കാരണം വലിയ ദുരിതമായി. ഇതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ടി. സിദ്ധിഖ് എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു. കളക്ടറുമായി ചർച്ചയ്ക്ക് വഴിയൊരുക്കാം എന്ന് ഉറപ്പുനൽകിയത് എം.എൽ.എയാണ്.