sthalam
വയനാട് ഗവ. മെഡിക്കൽ കോളേജിനായി ഏറ്റെടുക്കുന്ന അമ്പുകുത്തിയിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം

അമ്പുകുത്തിയിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കാൻ തീരുമാനം


മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിനു ഭൂമി ഏറ്റെടുക്കാനുള്ള നടപടി അന്തിമഘട്ടത്തിൽ. നിലവിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു ഏകദേശം ഒന്നരക്കിലോമീറ്റർ മാറി അമ്പുകുത്തിയിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. വർഷങ്ങളായി വനംവകുപ്പ് സംരക്ഷിക്കുന്ന ഈ സ്ഥലത്ത് വന്യമൃഗശല്യം റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല. മാനന്തവാടി നഗരസഭാ പരിധിയിലെ എരുമത്തെരുവ് ജെസി പിലാക്കാവ് റോഡരികിലാണ് 25 ഏക്കർ സ്ഥലമുള്ളത്. സ്ഥലത്തിന്റെ മറ്റൊരു ഭാഗം അതിരിടുന്നത് ചെന്നലായി ഭാഗത്താണ്. ഇതുവഴി മൈസൂരു റോഡിലേക്കും എളുപ്പത്തിലെത്താൻ സാധിക്കും. കുന്നിൻ മുകളിലുള്ള ഈ സ്ഥലം ഏറെ പ്രകൃതി രമണീയവുമാണ്. നിലവിലുള്ള സ്ഥലത്ത് തന്നെ ആശുപത്രി തുടർന്ന് അക്കാദമിക കെട്ടിടങ്ങൾ നിർമിക്കാൻ സാധിക്കുമെന്ന സൗകര്യമുണ്ട്. മെഡിക്കൽ കോളേജിനായി തവിഞ്ഞാൽ ബോയ്സ് ടൗണിലെ സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നെങ്കിലും ഇത് കോടതിയിൽ കേസ് നടക്കുകയാണ്. തിരുമാനം ഉണ്ടാകുന്നതുവരെ കാത്തുനിൽക്കുന്നില്ലെന്നും ടൗണിന് അടുത്തുള്ള സ്ഥലം തന്നെ ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം.ബി.ബി.എസ് പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജും ഒ.ആർ. കേളുവും വ്യക്തമാക്കിയിരുന്നു. വനംഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുമ്പോൾ കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതായുണ്ട്. പരിവേഷ് പോർട്ടലിൽ ഇതിനായി അപേക്ഷ നൽകണം. സർക്കാരിന്റെ നിർദേശപ്രകാരമാണ് ജില്ലാ ഭരണകൂടം അമ്പുകുത്തിയിലെ ഭൂമി മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാൻ നീക്കം തുടങ്ങിയത്. മാനന്തവാടി താലൂക്കിൽ തന്നെയുള്ള സ്ഥലം പകരമായി വനംവകുപ്പിനു വിട്ടുകൊടുക്കാനാണ് നീക്കം. ഭൂമി നൽകുന്നത് സംബന്ധിച്ച് വനം വകുപ്പും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസറെ നിയമിച്ചിരുന്നു. സർവേ റിപ്പോർട്ട്, സ്‌കെച്ച് ഉൾപ്പെടെയുള്ള ശേഖരിച്ച് കഴിഞ്ഞ 18ന് നോഡൽ ഓഫീസർ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്കു കൈമാറിയിട്ടുണ്ട്. മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ പരിവേഷ് പോർട്ടൽവഴി അപേക്ഷിച്ചാൽ താമസിയാതെ ഭൂമി സ്വന്തമാകും. മാനന്തവാടി താലൂക്കിലുള്ള പേര്യ, വെള്ളമുണ്ട വില്ലേജുകളിലെ സ്ഥലമാണ് പരിശോധിച്ചത്. വെള്ളമുണ്ട വില്ലേജിലെ സ്ഥലം വനംവകുപ്പിനു കൊടുക്കാനാണ് ഏകദേശ ധാരണ ഇതുസംബന്ധിച്ചു കളക്ടർ റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്. സ്ഥലംവിട്ടുകിട്ടിയാൽ പണി വേഗത്തിൽ തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെ!ഡിക്കൽ കോളേജ് കെട്ടിടനിർമാണത്തിനായി മുന്നൂറുകോടി രൂപ ബ‌ഡ്ജറ്റിൽ വകയിരുത്തിയിരുന്നു. പദ്ധതിരേഖ തയ്യാറാക്കി തവിഞ്ഞാലിൽ കെട്ടിടംപണി തുടങ്ങാനിരിക്കേയാണ് കേസ് വന്നത്. മെഡിക്കൽ കോളേജ് കെട്ടിടനിർമാണം പൂർത്തിയാവുന്ന മുറയ്ക്ക് ജില്ലയിലെ ജനങ്ങൾക്ക് ചുരമിറങ്ങാതെയുള്ള ചികിത്സ വയനാട്ടിൽ തന്നെ ലഭിക്കും. വയനാട് ഗവ. മെഡിക്കൽ കോളേജിലേക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ഉൾപ്പെടെയുള്ള 15 തസ്തികകൾക്ക് അടുത്തിടെ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.