pacha

 പദ്ധതി വൻവിജയം

കോട്ടയം: പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന 'പച്ചത്തുരുത്ത്" പദ്ധതി നാടാകെ പടർന്നുപന്തലിക്കുന്നു. ആറുവർഷം കൊണ്ട് സംസ്ഥാനത്ത് 1,​272.89 ഏക്കറിലായി 4,​030 പച്ചത്തുരുത്തുകൾ വ്യാപിച്ചു. കാസർകോട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് കൂടുതൽ. സ്കൂൾ മുറ്റങ്ങൾ,​ ക്യാമ്പസുകൾ,​ ആശുപത്രി വളപ്പുകൾ,​ പറമ്പുകൾ എന്നിവിടങ്ങളെല്ലാം ഔഷധ സസ്യങ്ങളും നാടൻ ചെടികളും വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ട് പച്ചപ്പണിഞ്ഞു. ഏറ്റവും അധികം വൃക്ഷത്തൈകൾ കണ്ണൂരിലും ഔഷധച്ചെടികൾ തിരുവനന്തപുരത്തുമാണ്.

സ്വകാര്യ വ്യക്തികളും പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. പ്രതിവർഷം 500നു മുകളിൽ പച്ചത്തുരുത്തുകൾ വർദ്ധിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വനംവകുപ്പിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇടപെടലുകൾ പദ്ധതിയുടെ വിജയത്തിന് സഹായകമായി.

 നാമ്പിട്ടത് തലസ്ഥാനത്ത്

2019 ജൂൺ 5ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലം ചെറുക്കാൻ പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രവളപ്പിൽ തുടങ്ങിയ പദ്ധതിയാണ് അതിവേഗം വ്യാപിച്ചത്. പൊതുസ്ഥലങ്ങളിലുൾപ്പെടെ ഫലവൃക്ഷത്തൈകളും നാട്ടുസസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിദ്ധ്യ തുരുത്തുകൾ ഉണ്ടാക്കലാണ് ലക്ഷ്യം.

പച്ചത്തുരുത്തുകൾ

തിരുവനന്തപുരം: 550
കൊല്ലം: 308
പത്തനംതിട്ട: 206
ആലപ്പുഴ: 134
കോട്ടയം: 295
ഇടുക്കി: 108
എറണാകുളം: 175
തൃശൂർ: 245
പാലക്കാട് :390
മലപ്പുറം: 155
കോഴിക്കോട്: 272
വയനാട്: 78
കണ്ണൂർ: 260
കാസർഗോഡ്: 854