mani

പ്രതിനിധി സമ്മേളനം ഇന്ന്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ച് കരുത്തറിയിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ കേരള കോൺഗ്രസ് (എം) പ്രതിനിധി സമ്മേളനം ഇന്ന് ചേരും. ജനപ്രതിനിധികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തന്ത്രങ്ങൾ മണ്ഡലം തലത്തിൽ ആവിഷ്കരിക്കണമെന്നാണ് ജില്ലാ നേതൃത്വം കീഴ് ഘടകങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ ചില മണ്ഡലങ്ങളിൽ നിലനിൽക്കുന്ന തർക്കം അടിയന്തരമായി പരിഹരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകളിൽ കഴിഞ്ഞ തവണ മത്സരിക്കാനായില്ല. ഇത്തവണ അത് ഉണ്ടാവരുതെന്ന കർശന നിർദ്ദേശമാണ് താഴെത്തട്ടിലേക്ക് നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും, 10 ബ്ലോക്ക് പഞ്ചായത്തുകളിലും, ഭൂരിപക്ഷം പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണത്തിലെത്തിയത് കേരള കോൺഗ്രസ് എമ്മിന്റെ കരുത്തിലാണന്ന വാദമാകും പാർട്ടി ഉയർത്തുക. ഉച്ചകഴിഞ്ഞ് 2 മുതൽ കെ.പി.എസ് മേനോൻ ഹാളിൽ രണ്ട് സെക്ഷനുകളായി നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ് ഡോ.എൻജയരാജ്, എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ തുടങ്ങിയവർ പ്രസംഗിക്കും.