കോട്ടയം/മുണ്ടക്കയം : കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളും ആധുനികനിലവാരത്തിലേയ്ക്ക്ക്ക്. ഒരു കോടി രൂപയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.

കുഴിമാവ് ഹൈസ്‌കൂൾ 500 മീറ്ററിലധികം അകലത്തിൽ രണ്ടു വളപ്പുകളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഉച്ചഭക്ഷണത്തിനുപോലും കുട്ടികൾക്ക് ഈ ദൂരം നടക്കേണ്ട അവസ്ഥയാണ്. ശോച്യാവസ്ഥയിലുള്ള നിലവിലെ കെട്ടിടങ്ങൾക്കു പകരം എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾ ഒരു കെട്ടിട സമുച്ചയത്തിലാക്കി നവീകരിക്കുന്നതിനു സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൂന്നു നിലകളിലായി 10 ക്ലാസ് മുറികൾ, നാല് ലാബുകൾ, ലൈബ്രറി, സ്റ്റാഫ് മുറി, ഓഫീസ്, ടോയ്ലറ്റ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.