കോട്ടയം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. ഇടതുമുന്നണി ബഫർ സോൺ വിഷയത്തിൽ നടത്തിയ കൃത്യമായ ഇടപെടലുകളും, ഭൂപതിവ് നിയമ ഭേദഗതിയും,വന്യജീവി സംരക്ഷണം കേരള ഭേദഗതിയും നിറഞ്ഞ മനസോടെ ജനങ്ങൾ സ്വീകരിച്ചു. വലിയ ആവേശമാണ് കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനമേഖലകളിൽ ഇപ്പോൾ പ്രകടമാകുന്നത്. ഇത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2026 നിയമസഭ തിരഞ്ഞെടുപ്പിലും വലിയതോതിൽ എൽ.ഡി.എഫിന് അനുകൂലമായ വോട്ടുകളായി മാറുമെന്നും ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം കെ.പി.എസ് മേനോൻ ഹാളിലെ കെ.എം മാണി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, സണ്ണി തെക്കേടം, വിജി എം.തോമസ് എന്നിവർ പ്രസംഗിച്ചു.