kkkk

കാഞ്ഞിരപ്പള്ളി: ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. ഭക്തലക്ഷങ്ങൾ എത്തുന്ന ഇടത്താവളമായിട്ടും എരുമേലിക്ക് ഇന്നും മികച്ചൊരു ആതുരാലയം അന്യമാണ്. ഈ സാഹചര്യം മുൻനിറുത്തിയാണ് ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നത്. എരുമേലിയിൽ നിലവിലുള്ള കമ്മ്യൂണിറ്റി കേന്ദ്രം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി വർഷങ്ങൾ പിന്നിട്ടിട്ടും തുടർനടപടി ഉണ്ടായില്ല. പൊതുപ്രവർത്തകനും പമ്പാവാലി സ്വദേശിയുമായ ബിനു നിരപ്പേൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിരുന്നു. പുതിയ ആശുപത്രി എന്ന ആവശ്യവുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വീണ്ടും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മണ്ഡലമകരവിളക്ക് കാലം പരിഗണിച്ച് മാത്രമാണ് കമ്മ്യൂണിറ്റി കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനമുള്ളത്.

എരുമേലി മുതൽ പമ്പ വരെയുള്ള കുടുംബങ്ങൾ വിദഗ്ദ്ധചികിത്സയ്ക്ക് അറുപത് കിലോമീറ്റർ അകലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. പരമ്പരാഗത പാതയിലെ പ്രദേശങ്ങൾ ഉൾപ്പെടെ എരുമേലിക്ക് ചുറ്റുമുള്ള തീർത്ഥാടക പ്രദേശങ്ങൾ കണക്കുകൂട്ടിയാൽ 80 കിലേമീറ്ററോളം ദൂരമുണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻ.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് ദൂരം: 60 കിലോമീറ്റർ

ഏക ആശ്രയം

എരുമേലി, വെച്ചൂച്ചിറ, നാറാണംതോട് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ നിലവിൽ ആശ്രയിക്കുന്നത് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്.

വന്നാൽ ഗുണങ്ങളേറെ

എരുമേലിയിൽ ശബരി വിമാനത്താവളം വരുന്നതോടെ ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിതമായാൽ തീർത്ഥാടകർ ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകും. അടുത്ത മണ്ഡലമകരവിളക്ക് മഹോത്സവത്തിന് മുമ്പായി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ അടിയന്തിരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.