കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് പരിധിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൈകാതെ കൈയോടെ പൊക്കും.
മാലിന്യം തള്ളൽ തടയിടാൻ സോളാർ വൈഫൈ ക്യാമറകൾ ഒരുക്കിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമായി മാറിയിരുന്നു. ഇതിന് തടയുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന ഗ്രാമസഭകളുടെയും പഞ്ചായത്ത് മെമ്പർമാരുടെയും അഭ്യർത്ഥന മാനിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗം പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ചാണ് സോളാർ വൈഫൈ ക്യാമറകൾ സ്ഥാപിക്കുന്നത്. പദ്ധതി പൂർത്തിയാക്കിയാൽ പ്രധാന സ്ഥലങ്ങളിൽ മാലിന്യം എറിയുന്ന പ്രവണത കുറയ്ക്കുകയും ജനങ്ങളുടെ സുരക്ഷ വർദ്ധിക്കുകയും ചെയ്യും.
24 മണിക്കൂർ സർവെയ്‌ലൻസ് സിസ്റ്റം
പദ്ധതി നടപ്പിലാക്കിയതോടെ 24 മണിക്കൂർ സർവെയ്‌ലൻസ് സിസ്റ്റം പ്രാവർത്തികമാകും. മോഷൻ സെൻസറോടുകൂടി രാത്രിയിലും വ്യക്തമായി ദൃശ്യങ്ങൾ ലഭ്യമാക്കുന്ന ഹൈ ഡെഫിനിഷൻ ബുള്ളറ്റ് ക്യാമറകളാണ് ഉപയോഗിക്കുന്നത്. എല്ലാ ക്യാമറകൾക്കും വൈഫൈ ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ളതിനാൽ ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫീസിലെ വലിയ മോണിറ്ററുകളിലും മെമ്പർമാരുടെ മൊബൈൽ ഫോണുകളിലും ലഭിക്കും. പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് നിർവഹണ ചുമതല വഹിക്കുന്നത്.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫൈൻ കർശനമായി ഈടാക്കി തുടർ നടപടികൾ സ്വീകരിക്കും. (പി.കെ വൈശാഖ് ജില്ലാ പഞ്ചായത്തംഗം)