s

കോട്ടയം: രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,​ കൊക്കയിൽ തള്ളിയ സംഭവത്തിൽ അറസ്റ്റിലായ കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ സാം ജോർജിന് (59) വിദേശ വനിതകളുമായി വഴിവിട്ട ബന്ധമെന്ന് പൊലീസ്. ഇതുസംബന്ധിച്ച തർക്കമാണ് ഭാര്യ ജെസിയെ (49) കൊല്ലാൻ കാരണമായതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ബംഗളൂരുവിൽ നിന്ന് പിടിയിലാകുമ്പോൾ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇറാനിയൻ യുവതിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിഗമനം. ഇവർ പലതവണ സാമിനൊപ്പം വീട്ടിൽ വന്നിരുന്നു. ആദ്യഭാര്യയുമായി തെറ്റിപ്പിരിഞ്ഞശേഷം 1994ലാണ് ഇയാൾ ജെസിയെ വിവാഹം കഴിച്ചത്. മൂന്ന് മക്കളും തന്റേതല്ലെങ്കിലും ഇവരുമായി ജെസി വലിയ സ്നേഹത്തിലായിരുന്നു. വിദേശ വനിതകളുമായി സാം പുലർത്തിയ അടുപ്പം കാരണം ഇരുവരും വർഷങ്ങളായി അകൽച്ചയിലായിരുന്നു. വീടിന്റെ ഇരുനിലകളിലായിട്ടായിരുന്നു താമസം. മുകൾ നിലയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സാമിനൊപ്പം വിദേശ വനിതകൾ വന്നത് ഇരുവരും തമ്മിലുള്ള അകൽച്ച കൂട്ടി. ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ള മക്കൾ,​ കഴിഞ്ഞ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് സംശയം തോന്നി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. തർക്കത്തെത്തുടർന്ന് ജെസിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം 60 കിലോമീറ്റർ ദൂരത്തുള്ള ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ തള്ളുകയായിരുന്നു. പിന്നീട് സാം ബംഗളൂരുവിലേക്ക് കടന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ടൂറിസം കോഴ്സിനും ചേർന്നു

വിദേശത്തായിരുന്ന സാം നാട്ടിലെത്തി ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സിന് എം.ജി യൂണിവേഴ്സിറ്റിയിൽ ചേർന്നത് വിദേശബന്ധങ്ങൾ ഉണ്ടാക്കാനെന്ന് പൊലീസ്. വിദേശവനിതകളോട് അടക്കം സാം അവിവാഹിതനാണെന്നാണ് പറഞ്ഞിരുന്നത്. സാമിനൊപ്പം വീട്ടിലെത്തിയ പലരോടും താൻ ഭാര്യയാണെന്ന് ജെസി പറഞ്ഞത് വിരോധത്തിന് ഇടയാക്കി.