പാലാ: മനം മയക്കുന്ന പ്രകൃതി കാഴ്ചകൾ സമ്മാനിക്കുന്ന മീനച്ചിൽ മലനിരയിലെ ഇലവീഴാപൂഞ്ചിറയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു. സാഹസിക ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ദ്ധസമിതി അധികൃതർക്ക് റിപ്പോർട്ട് ചെയ്തു.ഇതു സംബന്ധിച്ച പഠനറിപ്പോർട്ട് ടൂറിസം വകുപ്പിന് കൈമാറും. ടൂറിസം വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദഗ്ദ്ധസംഘം മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ പ്രദേശം സന്ദർശിച്ച് സാഹസിക വിനോദപദ്ധതികൾ നടപ്പാക്കാൻ പ്രാഥമിക രൂപരേഖ തയാറാക്കിയത്. എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാനാവുക എന്നതു സംബന്ധിച്ച് വിശദപഠനം കൂടി ഉടൻ നടത്തും.

കല്ലുമലയിലാവും അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്. ജോസ്.കെ.മാണി എം.പി മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദനം പരിഗണിച്ചാണ് പദ്ധതിക്കായി നടപടി ആരംഭിച്ചത്.


25 ലക്ഷം

സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ പ്രവേശന കവാടമായ കനാൻനാട് ജംഗ്ഷനിൽ മേലുകാവ് പഞ്ചായത്ത് വക സ്ഥലത്ത് അമിനിറ്റി സെന്റർ നിർമ്മാണത്തിന് ജോസ് കെ. മാണി എം.പി.പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

കനാൻനാട് ജംഗ്ഷനിലെ തോടിന് കുറുകെ പാലവും ചെക് ഡാമും നിർമ്മിക്കും.

പൂഞ്ചിറ മേഖലയുടെ വശ്യസുന്ദരകാഴ്ചകൾ ആസ്വദിക്കുന്നതിന് ബസിൽ പോകാൻ സൗകര്യം ഏർപ്പെടുത്തും.