aa

കോട്ടയം: കാണക്കാരി ജെസി കൊലക്കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ അന്വേഷണ സംഘം എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി. ജെസിയുടെ ഭർത്താവും കേസിലെ പ്രതിയുമായ കാണക്കാരി രത്‌നഗിരിപ്പള്ളി കപ്പടക്കുന്നേൽ വീട്ടിൽ സാം ജോർജ്ജ് ആണ് ഫോൺ പറക്കുളത്തിൽ ഉപേക്ഷിച്ചത്. ജെസി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിൽ ഒന്നാണ് കണ്ടെടുത്തത്.

ജെസിയെ കൊലപ്പെടുത്തിയ ശേഷം ഫോൺ പാറക്കുളത്തിൽ ഉപേക്ഷിച്ചെന്ന് സാം മൊഴിനൽകിയിരുന്നു. നാൽപ്പത് അടി താഴ്ചയുള്ള കുളത്തിൽ സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. ഫോൺ ജെസിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് കഴിഞ്ഞ മാസം 26നാണ് ജെസിയെ സാം കൊലപ്പെടുത്തിയത്. വാക്ക് തർക്കത്തെ തുടർന്ന് സാം കൈയിലുണ്ടായിരുന്ന പെപ്പർ സ്‌പ്രേ ജെസിക്ക് നേരെ പ്രയോഗിച്ച ശേഷം മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.