കോട്ടയം: കാണക്കാരി പഞ്ചായത്തിന്റെ കായിക സ്വപനം പൂവണിഞ്ഞു കൊണ്ട് ഫുട്ബോൾ മൈതാനം ഒരുങ്ങുന്നു. അകാലത്തിൽ മരിച്ചുപോയ മകന്റെ ഓർമയ്ക്കായി കോളവേലിൽ കെ.യു.ജെയിംസ് സൗജന്യമായി നൽകിയ 80 സെന്റിലാണ് ജെജി ഫിലിപ്പ് സ്മാരക കളിസ്ഥലം ഒരുങ്ങുക. കളി സ്ഥലത്തേക്കുള്ള വഴിക്ക് വേണ്ടിയും മറ്റും എട്ടു ലക്ഷം രൂപ കുറുമുള്ളൂരുള്ള വിദേശ മലയാളികൾ സ്വരൂപിച്ചു നൽകി.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉൾപ്പെടെ 50 ലക്ഷം രൂപയ്ക്കാണ് നിർമാണം. നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോളവേലിൽ ജെജി ഫിലിപ്പ് ഗ്രൗണ്ടിന് സമീപം കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേഴത്ത് മുഖ്യപ്രഭാഷണം നടത്തും. സ്ഥലം നൽകിയ കെ.യു.ജെയിംസിനെ ജില്ലാ പഞ്ചായത്ത് അംഗം നിർമല ജിമ്മി ആദരിക്കും.

പ്രസിഡന്റ് അംബിക സുകുമാരൻ,​ വൈസ് പ്രസിഡന്റ് ബിജു പഴയപുരക്കൽ,​ സെക്രട്ടറി സോണി സി. ഹരിബാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.