കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി തൃക്കൊടിത്താനം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർത്തിയാക്കിയ സയൻസ് ലാബ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം 11ന് നടക്കും. ഒരുകോടി രൂപ ചെലവിട്ടാണ് ലാബും, ചുറ്റുമതിലും, കുടിവെള്ളപദ്ധതിയും ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയത്.
ഹയർ സെക്കൻഡറി ബ്ലോക്ക്, ഗ്രൗണ്ട് എന്നിവയുടെ നവീകരണം, പ്രൊജക്ടർ, ലാപ്‌ടോപ്പ് ഉൾപ്പെടെ സ്‌കൂൾ ഓഡിറ്റോറിയത്തിന് ആവശ്യമായ ഉപകരണങ്ങൾ, സംരംഭകത്വം ലക്ഷ്യമിട്ടു സ്‌കൂൾ കോമ്പൗണ്ടിൽ ട്രെയിനിങ് ഹാൾ എന്നിവയും ഇതിന്റെ ഭാഗമായി പൂർത്തിയാക്കി.

ഉദ്ഘാടനം ഉച്ചകഴിഞ്ഞു മൂന്നിന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും. വാർഷിക പദ്ധതിയിൽ 1.40 കോടി രൂപ വകയിരുത്തി ജില്ലയിലെ 22 വിദ്യാലയങ്ങളിൽ ആധുനിക സയൻസ് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. ഉപകരണങ്ങൾ, അവ സൂക്ഷിക്കാനുള്ള ഷെൽഫുകൾ, പരീക്ഷണങ്ങൾ ചെയ്യാനുള്ള ടേബിളുകൾ, ജല ലഭ്യത, അനുബന്ധ റാക്കുകൾ എന്നിവ ഈ ലാബുകളിൽ സജ്ജമാക്കി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് മുൻകൈയെടുത്താണ് തൃക്കൊടിത്താനം സ്‌കൂളിൽ പദ്ധതി നടപ്പാക്കിയത്.