ഇളങ്ങുളം : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 17-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തിരിതെളിയും. 19ന് ഉച്ചയ്ക്ക് അവഭൃഥസ്നാനവും തുടർന്ന് നടക്കുന്ന മഹാപ്രസാദമൂട്ടിനും ശേഷം സപ്താഹം സമാപിക്കും. ആമ്പല്ലൂർ അജിത് സ്വാമിയാണ് യജ്ഞാചാര്യൻ.
ഇന്ന് വൈകിട്ട് 6ന് മാണി സി.കാപ്പൻ എം.എൽ.എ സപ്താഹം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് അഡ്വ. കെ.വിനോദ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.സരിതഅയ്യർ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് യജ്ഞാചാര്യൻ ഭാഗവതമാഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തും. യജ്ഞശാലയിൽ13 മുതൽ എല്ലാ ദിവസവും രാവിലെ ഗ്രന്ഥപൂജ, വിഷ്ണുസഹസ്രനാമജപം, തുടർന്ന് 7 മുതൽ പാരായണവും പ്രഭാഷണവും പ്രത്യേകപൂജകളും ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 2ന് പാരായണം തുടർച്ച,
വൈകിട്ട് 5ന് ലളിതാസഹസ്രനാമം, യജ്ഞശാലയിൽ ദീപാരാധന, സമ്പ്രദായഭജന, പ്രഭാഷണം തുടങ്ങിയവ ഉണ്ടാകും.
13ന് വരാഹാവതാരം, 14ന് നരസിംഹാവതാരം, 15ന് ശ്രീകൃഷ്ണാവതാരം, 16ന് ഗോവിന്ദപട്ടാഭിഷേകം, 17ന് രുഗ്മിണി സ്വയംവരം , 18ന് കുചേലഗതി, 19ന് സ്വർഗ്ഗാരോഹണം, ഭാഗവത സംഗ്രഹം തുടങ്ങിയവ പാരായണം ചെയ്യുമെന്ന് ജനറൽ കൺവീനർ വി.കെ.ഉണ്ണികൃഷ്ണൻ നായർ, ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ്, സെക്രട്ടറി ഡി.കെ.സുനിൽകുമാർ എന്നിവർ അറിയിച്ചു.