
കോട്ടയം : പ്രായം 78കഴിഞ്ഞെങ്കിലും കുഞ്ഞുടുപ്പുകളുടെ കൂട്ടുകാരിയാണ് കോട്ടയം ഇല്ലിക്കൽച്ചിറയിൽ ജോയി എബ്രഹാമിന്റെ ഭാര്യ സിസി എബ്രഹാം. സമൂഹമാദ്ധ്യമത്തിലും സജീവമായ സിസി ആന്റിയുടെ കുട്ടിയുടുപ്പുകൾക്ക് മദ്ധ്യകേരളത്തിലും വിദേശത്തും ഫാൻസുമുണ്ട്.
പിറന്നു വീഴുന്ന കുഞ്ഞിന് മുതൽ 14വയസുവരെയുള്ളവർക്ക് ഉടുപ്പുകൾ സിസിയുടെ മുറിയിലുണ്ട്. അളവ് പറഞ്ഞ് വിദേശത്തേക്ക് തയ്‌പ്പിച്ചുകൊണ്ടുപോകുന്നവരുമുണ്ട്. ആലുവയിലെ ക്രൈസ്തവ മഹിളാലയം സ്കൂൾ കാലമാണ് സിസിയെ എംബ്രോയ്ഡറി പഠിപ്പിച്ചത്. ആലുവ യു.സി കോളേജിലും കോട്ടയം സി.എം.എസ് കോളേജിലുമായിരുന്നു പഠനം. കോളേജ് കാലത്ത് ബാസ്കറ്റ് ബാൾ കേരള യൂണിവേഴ്സിറ്റി ക്യാപ്ടനും സംസ്ഥാന ടീം അംഗവുമായിരുന്നു. 19-ാം വയസിൽ വിവാഹം. മെഡിക്കൽ സ്റ്റോറുടമയായിരുന്ന ഭർത്താവും സ്കൂൾ കുട്ടികളായിരുന്ന മക്കളും പോയിക്കഴിഞ്ഞാലുള്ള വിരസത മാറ്റാനാണ് എംബ്രോയ്ഡറി ഓർമകൾ 28-ാം വയസിൽ പൊടിതട്ടിയെടുത്തത്. തുണിവാങ്ങി വെട്ടിക്കൊടുത്താൽ തയ്ച്ചെടുക്കാൻ ആളെ നിറുത്തി. പൂക്കളും പുഴുക്കളും പൂമ്പാറ്റയുമൊക്കെ നൂലിൽക്കോർത്ത സൂചിമുനത്തുമ്പുകൊണ്ട് നെയ്തെടുത്തു. ടൗവ്വലും അടിയുടുപ്പും ഫ്രോക്കുമെല്ലാം വാങ്ങാൻ ആളെത്തി. ഇന്ന് തയ്ക്കാൻ മൂന്ന് പേരുണ്ട്. തുടക്കത്തിൽ ഉടുപ്പുകൾ വാങ്ങിയവരുടെ കൊച്ചുമക്കൾക്കും വ്യത്യസ്ത വസ്ത്രങ്ങൾ കൊടുക്കാനുള്ള ഭാഗ്യമുണ്ടായി.
കൊവിഡ് മാറ്റി,ന്യൂജെൻ ആയി
കൊവിഡ് കാലമാണ് സിസിയെ മാറ്റിച്ചിന്തിപ്പിച്ചത്. കോട്ടയത്തെ കടകളിൽ നിന്ന് വീഡിയോ കാളിലൂടെ തുണി തിരഞ്ഞെടുക്കും. അവർ വീട്ടുമുറ്റത്തെത്തിക്കുന്ന തുണി തയ്‌ച്ച് എംബ്രോയ്ഡറി ചെയ്തു. തിരുവനന്തപുരം മുതൽ എറണാകുളം വരെയും ദുബായ്, അമേരിക്ക എന്നിവിടങ്ങളിലും സിസിയുടെ കുഞ്ഞുടുപ്പകൾക്ക് ഡിമാൻഡാണ്. കൊറിയർ ചെയ്തും കൊടുക്കും. 'ഫ്രെഞ്ച് നോട്സ് ബൈ സിസിആന്റി' എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും സജീവം. മകൻ ഹരീഷിനൊപ്പം താമസിക്കുന്ന സിസിക്ക് പിന്തുണയുമായി മരുമകൾ കുക്കുവുമുണ്ട്.
'' ഞാനിങ്ങനെ ചെറുപ്പമായി ഇരിക്കുന്നതിനു കാരണം ഈ കുഞ്ഞുടുപ്പുകളാണ്. കുറച്ചുപേർക്ക് വരുമാനം നൽകാനാവുന്നതും സന്തോഷം.
സിസി എബ്രഹാം