കോട്ടയം : എന്തിന് വേണ്ടി ഇങ്ങനെയൊരു മാർക്കറ്റ്. വ്യാപാരികൾ ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമാണ്. ചെലവഴിച്ചതോ കോടികൾ. പക്ഷേ ആർക്കുവേണ്ടി എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. നഗരമദ്ധ്യത്തിൽ കോടികൾ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റിന് അടഞ്ഞുകിടക്കാനാണ് വിധി. നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടു. 2020ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനവും നിർവഹിച്ചിരുന്നു. വൈദ്യുതി, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. പിന്നെയെങ്ങനെ തുറക്കും. ഇതിന് അനുമതി നൽകേണ്ട നഗരസഭയാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല. ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ആധുനിക രീതിയിലുള്ള മാർക്കറ്റുകൾ പ്രവർത്തിക്കുമ്പോഴാണ് ജില്ലയുടെ പ്രധാന കേന്ദ്രത്തിലെ മത്സ്യമാർക്കറ്റിന് ഈ ഗതി. കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തികളും, മേൽക്കൂരയും തകർച്ചയുടെ വക്കിലാണ്.

പടുതായ്‌ക്ക് കീഴിൽ വെയിലും, മഴയുമേറ്റ്

വർഷങ്ങളായി പടുതാ വലിച്ചുകെട്ടി ഇതിന് കീഴിലാണ് പച്ച, ഉണക്കമീൻ വ്യാപാരം നടക്കുന്നത്. കൂടാതെ റോഡിലും കച്ചവടം നടക്കുന്നുണ്ട്. ഇത് റോഡിലേക്ക് മലിനജലം ഒഴുക്കാനും ഇടയാക്കുന്നു. മത്സ്യവ്യാപാരത്തിന് ആവശ്യമായ ബോക്‌സുകളും റോഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വ്യാപാരവും വിപണനവും. വെയിലും മഴയുമേറ്റ് കച്ചവടം ചെയ്യേണ്ട ഗതികേടിലാണെന്ന് മത്സ്യവ്യാപാരികൾ പറയുന്നു. ഈ ഭാഗങ്ങളിൽ തെരുവുനായ ശല്യവും രൂക്ഷമാണ്.

കെട്ടിടം റോഡിന് അഭിമുഖമാക്കണം

കെട്ടിടം റോഡിന് അഭിമുഖമാക്കി നിർമ്മിച്ചാൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നത്. ഉദ്ഘാടനം നടത്തിയതല്ലാതെ നഗരസഭാ അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കെട്ടിടത്തിന്റെ മുൻവശം കാടുമൂടിയതിനെ തുടർന്ന് ഇവിടം മാത്രം വൃത്തിയാക്കി തടിതപ്പി. ബാക്കി ഭാഗം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.


''വർഷങ്ങളായി സ്ഥിതിയിൽ മാറ്റമില്ല. പുതിയ കെട്ടിടം സമീപത്ത് തന്നെയുണ്ടെങ്കിലും പ്രയോജനമില്ല. അധികൃതർ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

(മത്സ്യ വ്യാപാരികൾ)

പദ്ധതി ചെലവ് : 1.5 കോടി

നിർമ്മിച്ചത് : 2015

ഉദ്ഘാടനം : 2020