പാലാ : എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 3 കോടി രൂപ ചെലവഴിച്ച് കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിൽ പുതിയ കൊമേഴ്‌സ്യൽ കോംപ്ലക്‌സ് പണിയുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മന്ത്രിയുടെ സൗകര്യാർത്ഥം തറക്കല്ലിട്ട് പണി ആരംഭിക്കും. പണിപൂർത്തീകരിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് ഓഫീസുകൾ മാറ്റി പ്രവർത്തനമാരംഭിക്കുന്ന മുറയ്ക്ക് പഴയകെട്ടിടം പൊളിച്ചു മാറ്റും. പുതിയ കെട്ടിടത്തിന്റെ മുൻഭാഗം മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത് ബസുകൾ പാർക്കുകൾ ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇതിനായി 2024 - 25 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ 4 കോടി നീക്കിവച്ചു. തൊടുപുഴ - പുനലൂർ റോഡിന് ആഭിമുഖമായി മൂന്നു നിലകളിലായി പണിയുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചു.
8 കടമുറികളും ക്യാന്റീനും
8 കടമുറികളും ക്യാന്റീനും മുകളിൽ കോൺഫറൻസ് ഹാളും താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യവുമാണ് പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അംഗീകാരം ലഭിച്ചാലുടൻ തുടർനടപടികൾ ആരംഭിക്കും. മന്ത്രിയുമായുള്ള ചർച്ചയിൽ പൊതുമരാമത്തിലെയും കെ.എസ്.ആർ.ടി.സി യിലെയും ഉന്നത ഉദ്യോഗസ്ഥരും ചീഫ് ആർക്കിടെക്ടും പങ്കെടുത്തെന്ന് എം.എൽ.എ അറിയിച്ചു.