പാലാ : നീതിക്കായി ഭിന്നശേഷിയുള്ള 78 കാരൻ ചാക്കോയും ഭാര്യ ഡെയ്‌സിയും താലൂക്ക് ഓഫീസ് മുമ്പാകെ മൂന്നാംഘട്ട സമരം നടത്തി. മാണി സി. കാപ്പൻ എം.എൽ.എ ഇടപെട്ട് പ്രശ്‌ന പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.

സർക്കാർ പറഞ്ഞ മുദ്രപത്ര , രജിസ്‌ട്രേഷൻ, ആധാരമെഴുത്ത് ഫീസും നൽകി രാമപുരം രജിസ്ട്രാർ ഓഫീസ് മുഖേന ചാക്കോയുടെ പേരിൽ രജിസ്റ്റർ ചെയ്ത് വാങ്ങി കരം കെട്ടിയിരുന്ന ഭൂമി ചില ഉദ്യോഗസ്ഥർ കൃത്രിമ രേഖകൾ ഉണ്ടാക്കി ചിലർക്ക് പോക്കുവരവ് ചെയ്ത് നൽകിയെന്നാണ് പരാതി. കളക്ടറുടെയും, ഹൈക്കോടതിയുടെയും അനുകൂല ഉത്തരവുകൾ ലഭിച്ചിട്ടും നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നായിരുന്നു ആക്ഷേപം. വിവരം അറിഞ്ഞ് എം.എൽ.എ എത്തി കാര്യങ്ങൾ അന്വേഷിച്ചു. ആർ.ഡി.ഒ. കെ.എം. ജോസുകുട്ടി, തഹസിൽദാർ ലിറ്റിമോൾ തോമസ് എന്നിവരെ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കണമെന്ന് കർശന നിർദ്ദേശം നൽകി. 17 ന് മുൻപ് പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.