
പൊൻകുന്നം : കഴിഞ്ഞദിവസം വീശിയടിച്ച കൊടുങ്കാറ്റിൽ ചിറക്കടവ് പഞ്ചായത്തിലെ മൂന്നുവാർഡുകളിലായി 35 വീടുകൾക്ക് നാശം. രണ്ടുവീടുകൾ പൂർണമായി നശിച്ചു. മറ്റുള്ളവയുടെ മേൽക്കൂരയ്ക്കും മുറികൾക്കും മരങ്ങൾ വീണ് നാശമുണ്ടായി. നൂറുകണക്കിന് മരങ്ങളും കാർഷികവിളകളും നശിച്ചു. ആറ്, ഏഴ്, എട്ട് വാർഡുകളിലാണ് ഏറെ നഷ്ടം. നിരവധി വൈദ്യുതിത്തൂണുകൾ മരങ്ങൾ വീണ് ഒടിഞ്ഞു. പ്രദേശത്താകെ വൈദ്യുതിവിതരണം നിലച്ചു. പറപ്പള്ളിക്കുന്നേൽ പി.എൻ.സോജന്റെ വീടിന്റെ മട്ടുപ്പാവിലെ കൃഷിയുടെ മഴ മറയും ജലസംഭരണിയും കാറ്റിൽ തകർന്നു. ഇദ്ദേഹം വാടകയ്ക്ക് നൽകിയിരുന്ന വീടിന്റെ മുകളിൽ മരം വീണു. പശുത്തൊഴുത്തും തകർന്നു. മുട്ടത്ത് ചന്ദ്രശേഖരൻ നായരുടെ വീടും കിണറും മരം വീണ് നശിച്ചു. പുത്തൻകളത്തിൽ പ്രതീഷ് കുമാറിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. പൂവത്തുങ്കൽ വിദ്യാസാഗറിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് നാശമുണ്ട്. വലിയ പറപ്പള്ളിക്കുന്നേൽ ഷാജിയുടെ വീടിന് മുകളിലും മരം വീണു. ചെറുകുന്നത്ത് സി.പി.ശശിധരൻനായർ, ഈ രൂരിക്കൽ ഫിലോമിന, മറ്റപ്പള്ളിൽ ബൈജു എന്നിവരുടെ വീടുകൾക്കും മരം വീണ് നാശമുണ്ടായി. അമ്പഴത്തിനാൽ എ.ആർ.പ്രസാദിന്റെ പറമ്പിലെ കപ്പ മുഴുവൻ കടപുഴകി വീണു.
വട്ടക്കുഴി ഭാഗത്ത് കുന്നപ്പള്ളിൽ (തേക്കും തോട്ടത്തിൽ) ദീപുവിന്റെ വീടിന് പുറകിൽ തോട്ടിലേക്ക് കയ്യാല ഇടിഞ്ഞ് വീടിന് സുരക്ഷാ ഭീഷണിയായി. സമീപത്തുള്ള പള്ളിവാതുക്കൽ പറമ്പിൽ രാജപ്പൻ പിള്ളയുടേയും എം. കെ. ഷാജിയുടേയും പുരയിടത്തിൽ ജാതിയും മറ്റ് മരങ്ങളും വീണു. താവൂർ എം.ബി.മോഹനന്റെ വീടിനും കൃഷിക്കും നാശമുണ്ട്.
റോഡിന് കുറുകെ വൻമരങ്ങൾ കടപുഴകി വീണതോടെ ഗതാഗതവും തടസപ്പെട്ടു. ഏറെ പ്രദേശത്തും ഇനിയും വൈദ്യുതി പുന:സ്ഥാപിക്കാനുണ്ട്. പഞ്ചായത്തംഗങ്ങളായ കെ.ജി.രാജേഷ്, ശ്രീലത സന്തോഷ്, വില്ലേജ് ഓഫീസർ പ്രമോദ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഷൈൻമോൻ, വില്ലേജ് അസിസ്റ്റന്റ് ഇ.കെ.സാം തുടങ്ങിയവർ നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.