കോട്ടയം: യു.ഡി.എഫ് ഭരണകാലത്ത് ശബരിമലയിൽ നടന്ന പല അഴിമതികളും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ സത്യവും പുറത്തുവരുമ്പോൾ പല നേതാക്കളുടെയും ചെമ്പുതെളിയുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. തിരുനക്കരയിൽ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 27 സമുദായ സംഘടനകളുടെ പിന്തുണ ആഗോള അയ്യപ്പ സംഗമത്തിന് ലഭിച്ചതിൽ അസ്വസ്ഥരായ പ്രതിപക്ഷം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉപയോഗിച്ചു നടത്തിയ ഗൂഡാലോചനയാണ് സ്വർണപ്പാളി വിവാദത്തിന് പിന്നിൽ. ദ്വാരപാലക വിഗ്രഹ പീഠം മോഷ്ടിച്ച് മാറ്റിവച്ചിട്ട് കാണാതെ പോയെന്നു പോറ്റിയെക്കൊണ്ടു പറയിച്ചവർ വിജിലൻസ് അന്വേഷണത്തിൽ പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നു കണ്ടെത്തുമെന്ന് കരുതിയില്ല. സർക്കാർ അന്വേഷണം ശക്തമാകുമെന്നും പരാതിക്കാരനായ പോറ്റി പ്രതിയാകുമെന്നും പോറ്റിയെ ഇളക്കിവിട്ടവർ കരുതിയിരുന്നില്ല. പോറ്റിക്കു പുറമേ പ്രതിസ്ഥാനത്തുള്ള ദേവസ്വം ഉദ്യോഗസ്ഥർക്കും കോൺഗ്രസ് ബന്ധമാണുള്ളത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തു നിയമിച്ചതാണ് ദേവസ്വം സെക്രട്ടറി ജയശ്രീയെ. മറ്റൊരു പ്രതിയായ മുരാരി ബാബുവിനും കോൺഗ്രസ് ബന്ധമാണുള്ളത്. പ്രതികളെ കണ്ടെത്തിയിട്ടും അവരെ തള്ളിപ്പറയാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തയ്യാറാകാത്തത് ദുരൂഹമാണ്. ഹൈക്കോടതി വിധി അംഗീകരിക്കാനും തയ്യാറാകുന്നില്ല. 2019ൽ നടന്ന സംഭവത്തിന് 2024ൽ മന്ത്രിയായ താൻ രാജിവയ്ക്കണമെന്ന ബാലിശമായ ആരോപണവും ഉന്നയിക്കുകയാണ്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച ഒരു പ്രതിയെയും സർക്കാർ വിടില്ല. മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ. കെ..അനിൽകുമാർ, ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, സി.കെ.ശശിധരൻ, അഡ്വ.വി.ബി ബിനു , എം.പി. കുര്യൻ , രാജീവ് നെല്ലിക്കുന്നേൽ, ബി.ശശികുമാർ, ബാബുകപ്പക്കാലാ തുടങ്ങിയവർ പ്രസംഗിച്ചു.