
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. 2020–21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. സമർപ്പിക്കും വരെ ഇക്കാര്യത്തിലുള്ള വിശദീകരണം ദേവസ്വം ബോർഡ് നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സ്‌ട്രോംഗ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. രണ്ട് പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതുവായി എഴുതിയിരുന്നത്.
എന്നാൽ, തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. പരിശോധനയിൽ 2992.070 ഗ്രാം സ്വർണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. സംഭവത്തിൽ തുടർ നടപടി ഉണ്ടായിട്ടില്ല.