ഇടുക്കി: മുരിക്കാശ്ശേരി പവനാത്മ കോളേജിൽ നടന്ന എം.ജി സർവകലാശാല പുരുഷ വിഭാഗം ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ജേതാക്കളായി.
സൂപ്പർ ലീഗ് മത്സരങ്ങളിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ നേരിട്ടുള്ള 3 സെറ്റുകൾക്ക് സെന്റ് തോമസ് കോളേജ് പാലായെയും, രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് എസ്.എച്ച് കോളേജ് തേവരയെയും, ഒന്നിനെതിരെ 3 സെറ്റുകൾക്ക് ഡിസ്റ്റ് കോളേജ് അങ്കമാലിയെയും കീഴടക്കി പരാജയമറിയാതെയാണ് ജേതാക്കളായത്. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് എം.ജി സർവകലാശാല വോളിബോൾ കിരീടം സ്വന്തമാക്കുന്നത്. കിരിടം കരസ്ഥമാക്കിയ കോളേജ് വോളിബോൾ ടീമിനെയും കായിക വിഭാഗം മേധാവി ഡോ.വിയാനി ചാർളിയേയും കോച്ച് ജേക്കബ് ജോസഫിനേയും കോളേജ് മാനേജർ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫ്, കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു.