പൊൻകുന്നം: എൻ.എസ്.എസിനെയും ജനറൽ സെക്രട്ടറിയേയും നിക്ഷിപ്ത താത്പര്യക്കാർ ആക്ഷേപിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെ എൻ.എസ്.എസ് പൊൻകുന്നം യൂണിയൻ യോഗം അപലപിച്ചു. ജനറൽസെക്രട്ടറി ജി.സുകുമാരൻനായരുടെ നിലപാടുകൾക്ക് യൂണിയൻ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

ഹൈന്ദവ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കുന്നത് എല്ലാക്കാലത്തും എൻ.എസ്.എസിന്റെ പ്രഖ്യാപിത നയമാണ്. സമുദായാചാര്യന്റെ പ്രവർത്തനഫലമായിട്ടാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് നിലവിൽ വന്നതെന്നും യൂണിയൻ യോഗം വിശദീകരിച്ചു.

സമദൂരത്തിലെ ശരിദൂര നിലപാട് സ്വീകരിച്ച് എൻ.എസ്.എസിനെ നയിക്കുന്ന ജനറൽസെക്രട്ടറിക്ക് പൂർണപിന്തുണ നൽകുന്നതായി യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ വ്യക്തമാക്കി. എം.എസ് മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റിയംഗങ്ങളായ എം.ജി.ബാലകൃഷ്ണൻനായർ, പി.കെ.ബാബുക്കുട്ടൻനായർ, കെ.പി.മുകുന്ദൻ, പി.വി രാധാകൃഷ്ണൻനായർ, കെ.ആർ രവീന്ദ്രനാഥ്, ജയകുമാർ ഡി.നായർ, കെ.എസ് ജയകൃഷ്ണൻനായർ, എം.ജി മോഹൻദാസ്, കെ.ആർ സുരേഷ്ബാബു, യൂണിയൻ സെക്രട്ടറി പ്രവീൺ ആർ.നായർ എന്നിവർ സംസാരിച്ചു.