പാലാ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിൽ നിർമ്മിച്ച വനിതാ ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. 10 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്ത് ഓഫീസിന്റെ മുകൾനിലയിൽ 900 സ്‌ക്വയർ ഫീറ്റ് സ്ഥലത്താണ് ഫിറ്റ്നസ് സെന്റർ നിർമ്മിച്ചിരിക്കുന്നത്. സ്വകാര്യ, പൊതു മേഖലയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യത്തെ ഫിറ്റ്നസ് സെന്ററാണിത്. 12 ഇനം ഉപകരണങ്ങളാണ് ഫിറ്റ്നസ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്നത്. കുടുംബശ്രീ സി.ഡി.എസിനാണ് പരിപാലനചുമതല നൽകിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എം.പി ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും.