
കോട്ടയം : എപ്പോൾ തകർന്നു എന്ന ചോദ്യത്തിൽ അർത്ഥമില്ല. വർഷങ്ങളായി ഇങ്ങനെയാണ്... കുഴികളുടെ എണ്ണമെടുത്ത് തുടങ്ങിയാൽ സഹികെടും. അപ്പോൾ ആ കുഴികളിൽ വീഴുന്ന യാത്രക്കാരുടെ അവസ്ഥയോ!...മണിപ്പുഴ മൂലേടം റെയിൽവേ മേൽപ്പാലം റോഡിലാണ് യാത്രാ ദുരിതം. പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും വിഷയത്തിൽ അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ദിനംപ്രതി നൂറ് കണക്കിന് ചെറുവാഹനങ്ങളും സ്വകാര്യ ബസുകളും കടന്നുപോകുന്ന റോഡാണിത്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്രിലും മണ്ണും നിരന്നു കിടക്കുന്ന നിലയിലാണ്.
പ്രധാനപാത, പക്ഷേ അവഗണന
പ്രധാന വ്യവസായ മേഖലയായ പൂവൻതുരുത്തിലേക്കുള്ള റോഡ് കൂടിയാണിത്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പാക്കിൽ, ചിങ്ങവനം, ചങ്ങനാശേരി എന്നിവിടങ്ങളിലേയ്ക്കും നാട്ടകം ഗസ്റ്റ് ഹൗസ്, കഞ്ഞിക്കുഴി, പുതുപ്പള്ളി, കളക്ട്രേറ്റ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിനായി നിരവധി പേരാണ് റോഡ് ഉപയോഗിക്കുന്നത്. മേൽപ്പാലം റോഡ് മാത്രമല്ല, മണിപ്പുഴ മുതൽ ചിങ്ങവനം വരെയുള്ള റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയില്ല.
ഇരുട്ടിൽമുങ്ങി
പാലത്തിൽ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ, അപകടങ്ങളും പതിവാണ്. വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതും പതിവാണ്.
''പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സാങ്കേതിക അനുമതി ലഭിച്ചെന്നാണ് എം.എൽ.എ അറിയിച്ചത്. പക്ഷേ തുടർനടപടികളില്ല.
(പ്രദേശവാസികൾ)