kalathikadv

കോട്ടയം : ഇനി ഭീതിവേണ്ട. രാത്രിയിലും സുരക്ഷയുറപ്പാക്കി സവാരി നടത്താം. അതും പാടശേഖരങ്ങൾക്കും ആറിനും മദ്ധ്യേയിലൂടെ. കളത്തിക്കടവ് ബണ്ട് റോഡിലെ വെളിച്ചക്കുറവിന് പരിഹാരമായി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് 30 സോളാർ എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. കൊടൂരാറിന്റെ തീരത്തുള്ള മനോഹരമായ സ്ഥലം കളത്തിക്കടവ് പാലത്തിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. തീരത്ത് കൂടിയുള്ള ബണ്ട് റോഡും പരിസരപ്രദേശങ്ങളും ആകർഷകമായിരുന്നു. പ്രഭാത സായാഹ്‌ന സവാരിക്കാരും ഇവിടെയെത്തിയിരുന്നു. വെളിച്ചക്കുറവായിരുന്നു ബുദ്ധിമുട്ട്. ജില്ലാ പഞ്ചായത്തും പനച്ചിക്കാട് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. പൊതുമേഖല സ്ഥാപനമായ കെൽ ആണ് നിർവഹണ ചുമതല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിബി ജോൺ, പഞ്ചായത്ത് മെമ്പർമാരായ മിനി ഇട്ടിക്കുഞ്ഞ്, സുനിൽ ചാക്കോ, അനിൽ കുമാർ, കെൽ മാനേജൻ സഞ്ജയ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ ബി.മഠം, ജേക്കബ് സി.കോര തുടങ്ങിയവർ പങ്കെടുത്തു.