ഏഴാച്ചേരി : കാവിൻപുറം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നടത്തിയ കിരാതികിരാത കളമെഴുതിപ്പാട്ട് ഭക്തിനിർഭരമായി. അഷ്ടമംഗല ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി കുറിച്ചിത്താനം വിശാഖ് മാരാരുടെ നേതൃത്വത്തിലാണ് കളമെഴുതിയത്. കിരാതികിരാത രൂപങ്ങളുടെ കളം സാധാരണ ക്ഷേത്രങ്ങളിൽ പതിവില്ല. കാവിൻപുറം ക്ഷേത്രത്തിലെ ഉമാമഹേശ്വരൻമാർ കിരാതൻകിരാതി സങ്കല്പത്തിലായതിനാലാണ് ഇത്തരത്തിൽ കളമെഴുതിയത്. വൈകിട്ട് ത്രികാലപൂജയോടെയായിരുന്നു കളംപാട്ട് നടന്നത്. തുടർന്ന് വിശേഷാൽ ദീപാരാധന നടന്നു. കളത്തിൽ മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജയുമുണ്ടായിരുന്നു. പരിപാടികൾക്ക് ദേവസ്വം ഭാരവാഹികളായ ടി.എൻ. സുകുമാരൻ നായർ, പി.എൻ. ചന്ദ്രശേഖരൻ, കെ.ജി. ഭാസ്‌കരൻ, ദിലീപ് കുമാർ, സുരേഷ് ലക്ഷ്മിനിവാസ്, ത്രിവിക്രമൻ തെങ്ങുംപള്ളിൽ, ഗോപകുമാർ, ആർ. ജയചന്ദ്രൻ നായർ, സി.ജി. വിജയകുമാർ, ആർ. സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.