കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ വേസ്റ്റ് മാനേജ്‌മെന്റ് ക്യാമ്പയിൻ സെക്രട്ടറിയറ്റ്, കില, കുടുംബശ്രീ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് ദ്വിദിന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. പരിശീലനം ചൈതന്യ പാസ്റ്ററൽ സെന്റർ, തെള്ളകം ഓശാന മൗണ്ട്, ഇടമറ്റം എന്നീ കേന്ദ്രങ്ങളിലായി ഘട്ടംഘട്ടമായി നടന്നു. ജില്ലയിലെ 500ലധികം ഹരിത കർമ്മസേന അംഗങ്ങളും കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റുമാരും പങ്കെടുത്തു. പരിശീലന പരിപാടി ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ സെക്രട്ടറിയറ്റ് ജില്ലാ കോർഡിനേറ്റർ ടി.പി ശ്രീശങ്കർ, കുടുംബശ്രീ ഹരിത കർമ്മസേന ജില്ലാ കോർഡിനേറ്റർ പ്രണവ് വിജയൻ, ജില്ലാ ശുചിത്വമിഷൻ, ക്ലീൻകേരള കമ്പനി പ്രതിനിധികൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പരിശീലനത്തിന്റെ മാർഗനിർദ്ദേശം കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി വഹിച്ചു. മാലിന്യങ്ങളുടെ ശാസ്ത്രീയ മാനേജ്‌മെന്റ്, ജൈവഅജൈവ മാലിന്യ വേർതിരിക്കൽ, ശുചിത്വ പരിപാലന മാർഗങ്ങൾ, സമൂഹ പങ്കാളിത്തം, ഹരിത സാമ്പത്തികത്വത്തിന്റെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.