അയർക്കുന്നം: സ്വകാര്യബസും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.35 ഓടെ അയർക്കുന്നം കവലയ്ക്ക് സമീപമാണ് അപകടം. അയർക്കുന്നം കവലയിൽ നിന്നും കിടങ്ങൂർ ഭാഗത്തേക്ക് പോയ എവറസ്റ്റ് ബസും എതിർദിശയിലെത്തിയ ടാറ്റാ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തിറക്കിയത്. സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.