ele

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമ്പോൾ മുന്നണികളുടെ സീറ്റ് ചർച്ചകളും പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് നീക്കം. പഞ്ചായത്ത് തലത്തിൽ സീറ്റുകളിൽ അനൗദ്യോഗിക ധാരണയായെന്ന് എൽ.ഡി.എഫ് നേതൃത്വം പറയുമ്പോൾ തർക്കങ്ങളില്ലാതെ താഴെത്തട്ടിലുള്ള ചർച്ചകൾ പ്രാദേശിക നേതൃത്വം പൂർത്തിയാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതിനെത്തുടർന്ന് ജില്ലാ പഞ്ചായത്തിലുണ്ടായ ഭരണ നഷ്ടം തിരിച്ചു പിടിക്കുകയാണ് യു.ഡി.എഫിന്റെ പ്രധാന അജണ്ട. മുൻ നിരനേതാക്കൾ മത്സരരംഗത്തിറങ്ങും.

പുതുപ്പള്ളി ഡിവിഷൻ വനിതാ സംവരണമായതോടെ വാകത്താനത്തെ നിലവിലെ അംഗം സുധാ കുര്യനെ അവിടേയ്ക്ക് മാറ്റിയേക്കും. പാമ്പാടിയിൽ ഷേർലി തര്യനാണ് പ്രഥമ പരിഗണന. അയർക്കുന്നത്ത് വിജയപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് സിസി ബോബി മത്സരിച്ചേക്കും. മുൻ ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ ബേബിയുടെ പേരും ചർച്ചകളിലുണ്ട്. വാകത്താനത്ത് കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ് മത്സരിക്കുന്നില്ലെങ്കിൽ മാടപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ വർഗീസ് ആന്റണിയ്ക്ക് നറുക്കു വീഴും. കുമരകത്ത് ഡി.സി.സി. വൈസ് പ്രസിഡന്റ് ജി. ഗോപകുമാറിനാണ് മുൻഗണന.

കാഞ്ഞിരപ്പള്ളി, പൊൻകുന്നം സീറ്റുകളിലും മുതിർന്ന നേതാക്കൾ മത്സരിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി ഹിന്ദു, പിന്നാക്ക വിഭാഗങ്ങളിൽ ആർക്കും അവസരം നൽകാതിരുന്നത് എതിർപ്പ് ക്ഷണിച്ചു വരുത്തിയതിനാൽ ആ കുറവ് സ്ഥാനാർത്ഥി നിർണയത്തിൽ പരിഹരിച്ചേക്കും. ലീഗിന് ഇക്കുറിയും ജില്ലാ പഞ്ചായത്തിൽ സീറ്റ് കൊടുത്തേക്കില്ല. കഴിഞ്ഞ തവണ ഒൻപത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം പകുതി സീറ്റിൽ തൃപ്തിപ്പെടേണ്ടിവരും.

പുതുമുഖങ്ങളുമായി സി.പി.എം

ജില്ലാ പഞ്ചായത്തിൽ പരമാവധി പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ തവണ ഈ പരീക്ഷണം വിജയിച്ചിരുന്നു. സി.പി.ഐയിൽ ചില മുതിർന്ന നേതാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിൽ പതിവ് മുഖങ്ങൾ ഇടംപിടിച്ചേക്കും.

കൂടുതൽ സീറ്റുറപ്പിക്കാൻ ബി.ജെ.പി

എൻ.ഡി.എയിൽ ബി.ജെ.പി നിലവിൽ ഭരിക്കുന്ന പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ പ്രത്യേകം ശ്രദ്ധയൂന്നിയും പുതിയ പഞ്ചായത്തുകൾ പിടിച്ചെടുക്കാനുമാണ് ചർച്ചകൾ. പൂഞ്ഞാർ തെക്കേക്കരയിൽ ഭരണം പിടിക്കാൻ പി.സി.ജോർജിന്റെയും, ഷോൺ ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സജീവമാണ്. ചിറക്കടവ്, വാഴൂർ, അയ്മനം, പനച്ചിക്കാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും സ്ഥാനാർത്ഥി ചർച്ചയിലേക്ക് നേതൃത്വം കടന്നു. ബി.ഡി.ജെ.എസും ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു.

''ചർച്ചകൾ സജീവമായി മുന്നേറുകയാണ്. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുണ്ടാകാതെ ചർച്ചകളും സ്ഥാനാർത്ഥി നിർണയവും വാർഡ് തലത്തിൽ പൂർത്തിയാക്കും.

-ഫിൽസൺ മാത്യൂസ്, യു.ഡി.എഫ് ജില്ലാ കൺവീനർ

'' പത്തിലേറെ പഞ്ചായത്തുകളിൽ അനൗദ്യോഗിക സീറ്റ് ധാരണയായി. പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി നിർണയം പഞ്ചായത്തുതലത്തിൽ നടത്തും. ബ്ലോക്കിലെ സീറ്റ്, സ്ഥാനാർത്ഥി ചർച്ചകൾ നിയോജക മണ്ഡലം തലത്തിലും ജില്ലാ പഞ്ചായത്തിലേത് ജില്ലാ തലത്തിലുമാകും.

ലോപ്പസ് മാത്യു, എൽ.ഡി.എഫ് കൺവീനർ